കാശ്മീരില്‍ ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെ വധിച്ചു

Posted on: October 2, 2016 11:15 pm | Last updated: October 3, 2016 at 9:26 am

baramulla-attackശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ളയില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. ജന്‍ബാസാപോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ അവസാനിച്ചതായും മേഖലയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും വടക്കന്‍ സൈനിക കമാന്‍ഡ അറിയിച്ചു. ആക്രമണത്തെ കുറിച്ച് ആഭ്യന്തര മന്ത്രിക്കും മുതിർന്ന സെെനിക ഉദ്യോഗസ്ഥർക്കും ബിഎസ്എഫ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണമാണ് നടന്നതെന്നാണ് വിവരം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സൈനിക ക്യാമ്പ് ആക്രമിക്കപ്പെട്ടത്. മൂന്നോ നാലോ തീവ്രവാദികള്‍ അടങ്ങിയ രണ്ട് സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ അകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ പാര്‍ക്കിലൂടെയാണ് ഭീകരര്‍ അകത്ത് കടന്നെതെന്നാണ് സൂചന.

വ്യാഴാഴ്ച നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സെെന്യം നടത്തിയ സർജിക്കൽ അറ്റാക്കിന് ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്. ഇതിനിടെ രണ്ട് തവണ പാക് സെെന്യം  മേഖലയിൽ വെടിനിർത്തൽ ലംഘിച്ചിരുന്നു.