Connect with us

Editorial

സഊദിക്കെതിരെ നിയമനടപടിയോ?

Published

|

Last Updated

നിര്‍ണായകമായ ആഗോള പ്രത്യാഘാതം വിളിച്ചു വരുത്തുന്ന തീരുമാനമാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക് സഊദി ഭരണകൂടത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അനുമതി നല്‍കുന്ന ബില്ലാണ് കോണ്‍ഗ്രസിന്റെ ഇരു സഭയും പാസാക്കിയത്. പ്രസിഡന്റ് ബരാക് ഒബാമ വീറ്റോ ചെയ്ത ബില്ലാണ് അത് മറികടന്ന് പാസ്സാക്കിയിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇതാദ്യമായാണ് ഒബാമയുടെ വീറ്റോയെ കോണ്‍ഗ്രസ് തള്ളിക്കളയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസില്‍ നിന്ന് ഇത്തരമൊരു തീരുമാനമുണ്ടായതില്‍ അത്ഭുതത്തിന് വകയില്ല. എന്നാല്‍ ഡെമോക്രാറ്റിക് അംഗങ്ങളും വന്‍തോതില്‍ ഈ ബില്ലിനെ പിന്തുണച്ചുവെന്നത് ഗൗരവതരമാണ്. ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം – ജെസ്റ്റ ബില്ല് ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് വീറ്റോ അധികാരം പ്രയോഗിച്ചത് നിരവധി കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടായിരുന്നു. ജെസ്റ്റ ലക്ഷ്യമിടുന്നത് സഊദിയെയാണെന്നത് തന്നെയാണ് പ്രധാനം. സഊദി അറേബ്യ എക്കാലത്തെയും അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ്. എണ്ണ വിപണിയില്‍ മാത്രമല്ല, സാമ്പത്തിക സൈനിക രംഗങ്ങളിലെല്ലാം ആ സൗഹൃദം ചരിത്രപരവും അഗാധവുമാണെന്ന് ഒബാമ വിലയിരുത്തുന്നു. സഊദിയുടെ നീക്കിയിരുപ്പ് പണം മുഴുവന്‍ ഡോളറിലാണ്. മേഖലയില്‍ സഊദിയുമായുള്ള ബാന്ധവം അനിവാര്യമാണെന്നും ഒബാമ ഭരണകൂടം കരുതുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ഭൂരിഭാഗവും സഊദി പൗരത്വമുള്ളവരാണ് എന്നതിനാല്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് സഊദി ഭരണകൂടത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അനുവദിക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയാണ് ജെസ്റ്റ ബില്ലിലേക്ക് നയിച്ചത്.
ഒരു രാജ്യത്തെ പൗരന്‍ ചെയ്ത കുറ്റകൃത്യത്തിന് ആ രാജ്യത്തിന്റെ ഭരണകൂടത്തെ എങ്ങനെയാണ് ശിക്ഷിക്കാന്‍ കഴിയുകയെന്ന കാതലായ ചോദ്യമാണ് ഇത്തരുണത്തില്‍ ഉയര്‍ത്തേണ്ടത്. സഊദി ഭരണകൂടത്തിലെ ആര്‍ക്കെങ്കിലും ഈ ഭീകരരുമായി ബന്ധമുണ്ടോയെന്നും ഭരണകൂടത്തിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നും യു എസ് സമിതികള്‍ തന്നെ തലനാരിഴ കീറി പരിശോധിച്ചതാണ്. ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ആ സാഹചര്യത്തില്‍ സഊദിയെ എങ്ങനെ കുറ്റപ്പെടുത്താനാകും? പരിഷ്‌കൃത ലോകത്ത് രാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മര്യാദകളുടെ ലംഘനമാണ് ഈ ബില്ല്. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന് മേല്‍ കടന്ന് കയറുന്നതിന് നിയമപരമായ അനുമതി നല്‍കുകയാണ് ഈ ബില്ല്.
ഇത് ബൂമറാംഗാകുമെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് ഒബാമ വീറ്റോ ചെയ്തത്. ജെസ്റ്റ മാതൃകയില്‍ മറ്റ് രാജ്യങ്ങളും ബില്ല് കൊണ്ടു വന്നാല്‍ യു എസ് സര്‍ക്കാറിനെതിരെ നിരന്തരം നിയമയുദ്ധമുണ്ടാകുമെന്ന് ഒബാമ പറയുന്നു. ഇത് അമേരിക്കയുടെ വിദേശനയത്തില്‍ വലിയ അട്ടിമറിയുണ്ടാക്കുമെന്നും എല്ലാ സുഹൃദ് രാഷ്ട്രങ്ങളെയും അകറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒബാമ പറയുന്നത് അവിടെ നില്‍ക്കട്ടെ. മറ്റൊരു വിധത്തില്‍ നോക്കിയാല്‍ അമേരിക്കയല്ലേ മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടത്? ഭീകരവിരുദ്ധ യുദ്ധം മറ്റൊരു ഭീകരതയായിരുന്നില്ലേ? ഇറാഖും അഫ്ഗാനുമടക്കം എത്രയെത്ര രാഷ്ട്രങ്ങളെയാണ് അത് തകര്‍ത്തെറിഞ്ഞത്. എത്രയെത്ര മനുഷ്യരെയാണ് കൊന്നു തള്ളിയത്? സദ്ദാം ഹുസൈനെയും മുഅമ്മര്‍ ഗദ്ദാഫിെയയും കൊന്നില്ലേ? വേള്‍ഡ് ട്രേഡ് സെന്ററിന്റെ കാര്യത്തില്‍ സഊദി പൗരത്വമുള്ളവരാണ് പ്രതികള്‍. യു എസിന്റെ കാര്യത്തില്‍ ഭരണകൂടം നേരിട്ടാണ് കൂട്ടക്കൊലക്ക് ഇറങ്ങിയത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ സ്വന്തം കീശയിലുള്ള യു എന്നിന്റെ അനുമതി തരപ്പെടുത്തിയെടുത്തു. പലപ്പോഴും അതും ഉണ്ടായില്ല.
പാശ്ചാത്യ ലോകത്താകെ പടര്‍ന്നു പന്തലിക്കുന്ന തീവ്രവലതുപക്ഷ വികാരത്തിന്റെ പ്രതിഫലനമായിക്കൂടി ഈ ബില്ലിനെ കാണേണ്ടതുണ്ട്. മിക്ക രാജ്യങ്ങളിലും ഇസ്‌ലാമോഫോബിയയുടെയും കുടിയേറ്റവിരുദ്ധതയുടെയും വക്താക്കള്‍ വലിയ വിജയങ്ങള്‍ നേടുകയാണ്. വംശീയതയുടെ പിടിയിലാണ് അമേരിക്ക. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ അമേരിക്കന്‍ ജനത എത്ര അക്രമോത്സുകമായാണ് ചിന്തിക്കുന്നതെന്ന് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. യു എസ് ജനതയുടെ സുരക്ഷാ ഉത്കണ്ഠ കത്തി നില്‍ക്കുകയാണ്. ആ ഉത്കണ്ഠക്ക് ആക്കം കൂട്ടാനാണ് ഭരണകൂടം നിരന്തരം ശ്രമിച്ചത്. 9/11 അവരില്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യം ഇന്നും മുക്തമാകാത്തതിനാല്‍ അത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമ്പോള്‍ അതിവൈകാരികത തന്നെയാണ് യു എസ് ജനപ്രതിനിധികളെ ഭരിക്കുന്നത്.

Latest