നിരാഹാരം: അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

ഹെെബി ഇൗഡനും ശാഫി പറമ്പിലും നിരാഹാര സമരം തുടരുന്നു
Posted on: October 1, 2016 4:26 pm | Last updated: October 1, 2016 at 8:37 pm
anoop-jecob
അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റുന്നു (ടി വി ചിത്രം)

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനക്ക് എതിരെ നിയമസഭാ കവാടത്തില്‍ നിരാഹാരമനഷ്ടിക്കുന്ന മൂന്ന് എംഎല്‍എമാരില്‍ ഒരാളായ അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസമായി നിരാഹാരമിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് നടപടി. ഇന്ന് രാവിലെ എംഎല്‍എമാരെ സന്ദര്‍ശിച്ച മെഡിക്കല്‍ സംഘം അനൂപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അറിയിച്ചിരുന്നു. രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടുതലായതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. നടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീല്‍ചെയറിന്റെ സഹായത്തോടെയാണ് അനൂപിനെ ആംബുലന്‍സില്‍ കയറ്റിയത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലേക്ക് മാറ്റേണ്ടെന്നും നിരാഹാരം തുടരുകയാണെന്നും അനൂപ് ജേക്കബ് അറിയിച്ചുവെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. അനൂപിനെ കൂടാതെ ഹൈബി ഈഡനും ഷാഫി പറമ്പിലുമാണ് നിരാഹാരമനുഷ്ടിക്കുന്നത്. ഇവർ നിരാഹാരം തുടരുകയാണ്. കോൺഗ്രസ് എംഎൽഎമാരോട് അനുഭാവം പ്രകടിപ്പിച്ച് ലീഗ് എംഎൽഎമാരായ ആബിദ് ഹുസെെൻ തങ്ങളും എൻഎ നെല്ലിക്കുന്നും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്.