Connect with us

National

65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെട്ടതായി കേന്ദ്ര ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കള്ളപ്പണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍. ഒറ്റത്തവണ കള്ളപ്പണം വെളിപ്പെടുത്തല്‍ (ഇന്‍കം ഡിക്ലറേഷന്‍ പദ്ധതി) പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം വരെ 65,250 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇതുവഴി നികുതിയും പിഴയും ഇനത്തില്‍ വെളിപ്പെടുത്തിയ തുകയുടെ 45 ശതമാനം കേന്ദ്ര ഖജനാവില്‍ എത്തും.
നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കപ്പെട്ട അനധികൃത സ്വത്ത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതോടെ വെളിപ്പെടുത്തിയ തുക ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാര്‍ക്ക് സ്വമേധയാ കള്ളപ്പണം പരസ്യപ്പെടുത്താനുള്ള അവസരം കഴിഞ്ഞ മാസം മുപ്പത് വരെയായിരുന്നു നല്‍കിയത്. 64,275 പരസ്യപ്പെടുത്തലുകളാണ് നാല് മാസക്കാലയളവില്‍ ഓണ്‍ലൈനായും നേരിട്ടും കേന്ദ്രത്തിന് ലഭിച്ചത്. പദ്ധതിയിലൂടെ മുപ്പതിനായിരം കോടി രൂപ സര്‍ക്കാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം സെപ്തംബര്‍ വരെ മൂന്ന് തവണകളായി നികുതി ഒടുക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കും. ഈ വര്‍ഷം നവംബറോടെ ആദ്യ തവണത്തെ 25 ശതമാനം ഒടുക്കാം. 2017 മാര്‍ച്ചോടെ അടുത്ത 25 ശതമാനവും ഒടുക്കാനാകും. 2017 സെപ്തംബര്‍ മുപ്പതോടെ ശേഷിക്കുന്ന തുകയും ഒടുക്കാമെന്ന് ജെയ്റ്റ്‌ലി വിശദീകരിച്ചു. റവന്യൂ സെക്രട്ടറി ഡോ. ഹാസ്മുഖ് ആദിയ, ഡയറക്ട് ടാക്‌സ് ചെയര്‍പേഴ്‌സണ്‍ റാണി നായര്‍ എന്നിവരുവടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അഭിനന്ദിച്ചു.
എച്ച് എസ് ബി സി ബേങ്ക് കേന്ദ്ര സര്‍ക്കാറിന് നല്‍കിയ പട്ടികയില്‍ നിന്നുള്ളവര്‍ എണ്ണായിരം കോടിയുടെ കള്ളപ്പണമാണ് വെളിപ്പെടുത്തിയത്. ശേഷിക്കുന്ന 56,378 കോടിയുടെ കള്ളപ്പണം സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനയിലും കണ്ടെത്തി.
കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്ന് ഒഴിവാകാമെന്നതായിരുന്നു കേന്ദ്രം പ്രഖ്യാപിച്ച കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി.
1997ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്ന വോളണ്ടറി ഡിസ്‌ക്ലോഷര്‍ ഓഫ് ഇന്‍കം പദ്ധതി പ്രകാരം 9,760 കോടി രൂപയായിരുന്നു പരസ്യപ്പെടുത്തിയിരുന്നത്. നിലവില്‍, ഇന്‍കം ഡിക്ലറേഷന്‍ പദ്ധതി പ്രകാരം ലഭിച്ച തുക കേന്ദ്ര സര്‍ക്കാറിന്റെ സംയോജന ഫണ്ടിലേക്കാണ് വകയിരുത്തുകയെന്നും പിന്നീട് ജനക്ഷേമ കാര്യങ്ങള്‍ക്കായി ഈ തുക ചെലവഴിക്കപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത ശേഷം കള്ളപ്പണം പിടിച്ചെടുക്കാനുള്ള പുതിയ നിയമം 2015 ജൂലൈ ഒന്നിനാണ് നിലവില്‍ വന്നത്. വിദേശത്തുള്‍പ്പെടെയുള്ള സ്വത്ത് വെളിപ്പെടുത്തി കുടിശ്ശികയടക്കം നികുതിയും പിഴയും അടക്കാനാണ് നിര്‍ദേശിച്ചിരുന്നത്. വെളിപ്പെടുത്താത്തവരുടെ വിവരം സര്‍ക്കാര്‍ തന്നെ കണ്ടെത്തി വെളിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. അതേസമയം, ഇനിയും വെളിപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നടപടികളിലൂടെ സര്‍ക്കാര്‍ പിടിച്ചെടുത്താല്‍ ഇവര്‍ 120 ശതമാനം നികുതിയും പിഴയും അടക്കുന്നതോടൊപ്പം പത്ത് വര്‍ഷം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും.
വെളിപ്പെടുത്തിയ 64,275 പേരില്‍ നിന്ന് ഖജനാവിലേക്കെത്തുന്ന 65,250 കോടിയാണ്. ശരാശരി ഒരു കോടി രൂപയാണ് ഇത്തരത്തില്‍ പലരും വെളിപ്പെടുത്തിയത്. ചിലത് അതിനും മുകളിലേക്കോ താഴേക്കോ പോകും. ഇതിലൂടെ പദ്ധതിയുടെ വിജയ സാധ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ഉപയോഗിച്ച് വെളിപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

Latest