ബള്‍ഗേറിയയില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക്‌

Posted on: October 1, 2016 10:35 am | Last updated: October 1, 2016 at 10:35 am

സോഫിയ: പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമത്തിന് യുറോപ്യന്‍ രാജ്യമായ ബള്‍ഗേറിയന്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഹോളണ്ട്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം തന്നെ പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറുന്നതിന് ബള്‍ഗേറിയ ഇടത്താവളമായി അഭയാര്‍ഥികള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ മുസ്്‌ലികള്‍ രാജ്യത്ത് തങ്ങുന്നത് പതിവാണ്. അഭയാര്‍ഥികളോടുള്ള ബള്‍ഗേറിയയുടെ സമീപനത്തെ മനുഷ്യാവകാശ സംഘടനകള്‍ നിരന്തരം എതിര്‍ക്കാറുണ്ട്. ദേശീയ പാട്രിയോട്രിക്ക് മുന്നണിയാണ് ബള്‍ഗേറിയയില്‍ ഭരണം നടത്തുന്നത്. രാജ്യത്ത് പസാര്‍ദിക് നഗരത്തില്‍ ഈ വര്‍ഷം ഏപ്രില്‍മുതല്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക ഭരണ കൂടം ഇവിടെ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാര്‍ലിമെന്റ് പാസാക്കിയ നിയമ പ്രകാരം പൊതു ഇടങ്ങളിലും സ്‌കൂളുകള്‍, പൊതുഗതാഗ ഇടങ്ങള്‍, ഭരണ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ട്. വീടുകളിലും പള്ളികളിലും ഹിജാബ് ധരിക്കുന്നതിന് വിരോധമില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 858 ഡോളര്‍ പിഴ ഈടാക്കുമെന്നും ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഇത്തരം ആളുകളെ ഒഴിവാക്കുമെന്നും നിയമത്തില്‍ പറയുന്നു. ബല്‍ഗേറിയന്‍ ജനസംഖ്യയുടെ 13 ശതമാനം മുസ്്‌ലിംകളാണ്. ഇവരില്‍ അധികവും തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരാണ്. പ്രതിപക്ഷമായ തുര്‍ക്കിഷ് ന്യൂനപക്ഷ പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് നിയമം പാസ്സാക്കിയത്.
മതവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയല്ല മറിച്ച് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിരീക്ഷണ ക്യാമറകളില്‍ പതിയുന്നതിന് വേണ്ടിയാണ് നിയമം പാസ്സാക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മുഖം മുഴുവന്‍ മറക്കുന്ന ഹിജാബുകള്‍ ധരിക്കുന്നതിന് ഫ്രാന്‍സിലും ബെല്‍ജിയത്തിലും വിലക്കുണ്ട്. സ്വറ്റ്‌സര്‍ലാന്‍ഡിലെ ഉപരി സഭയില്‍ ഈയാഴ്ച ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്റെ കരട് നിയമത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സില്‍ ബൂര്‍ക്കിനികള്‍ ധരിക്കുന്നതിനും വിലക്കുണ്ട്.