ഈ ആളല്‍ പടരരുത്

Posted on: October 1, 2016 6:00 am | Last updated: October 1, 2016 at 12:24 am

SIRAJഉറി ഭീകരാക്രമണത്തിന് മറുപടി എന്ന നിലയില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്ന് നടത്തിയ മിന്നലാക്രമണത്തിലൂടെ രാജ്യം നല്‍കിയത് കൃത്യമായ സന്ദേശമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 38 ഭീകരര്‍ക്ക് ജീവഹാനി നേരിടുകയും ഏഴ് ലോഞ്ച് പാഡ് തകര്‍ക്കുകയും ചെയ്തു. നിയന്ത്രണരേഖയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകത്തുകടന്ന് നടത്തിയ മിന്നലാക്രമണത്തിന് കരസേനയുടെ പാരാട്രൂപ്പ് വിഭാഗമാണ് നേതൃത്വം നല്‍കിയത്. എന്നാല്‍, നിയന്ത്രണരേഖ മറികടന്നത് പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ്. നിയന്ത്രണ രേഖയില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളെ ബന്ദിയാക്കുകയും ചെയ്തതായി അവര്‍ അവകാശപ്പെടുന്നു. തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതും അവര്‍ സമ്മതിച്ചു. നിര്‍ണായക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷമടക്കം രാഷ്ട്രീയ കക്ഷികളെ വിശ്വാസത്തിലെടുത്തതും സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തതും നന്നായി. അത് പുറം ലോകത്തിന് നല്‍കുന്ന സന്ദേശം വ്യക്തമാണല്ലോ. വിവിധ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ച നിലപാടുകളും ഔചിത്യപൂര്‍ണമായി.
സംഭവത്തോട് ലോക രാജ്യങ്ങളുടെയും അയല്‍ക്കാരുടെയും സമീപനം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഇല്ലാതാക്കാനുളള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കിയത്. ഭീകര വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്നതിനൊപ്പം ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധവും അമേരിക്ക വിലകല്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നോ ഈ വാക്കുകളെന്ന് സംശയം പ്രസക്തമാണ്. പഴയ പാക് ബാന്ധവത്തിന്റെ ‘ലഹരി ബാക്കി’ അമേരിക്കന്‍ സമീപനത്തില്‍ അവശേഷിക്കുന്നുണ്ടോ? എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ അമേരിക്കന്‍ ആഭിമുഖ്യം റഷ്യയോടടുക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കിയിട്ടുണ്ട്. യു എസില്‍ നിന്നും ചൈനയില്‍ നിന്നും ഒരേസമയം സഹായം സ്വീകരിക്കുന്ന മെയ്‌വഴക്കം പാക്കിസ്ഥാന്‍ കാണിക്കുന്നു. എന്നാല്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാന്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ക്കാര്‍ ഇന്ത്യക്കൊപ്പമെന്നത് പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പൊതുവെ ഇന്ത്യക്ക് ലഭിച്ച നയതന്ത്ര മേല്‍ക്കൈയും അവരെ അരോചകപ്പെടുത്തുന്നതാണ്. അമേരിക്കയുടെ മേഖലയിലെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ചൈന ഇനി എന്ത് ചുവടുകളാണെടുക്കുകയെന്ന് വ്യക്തമല്ല. ഏതായാലും ആളുന്ന സംഘര്‍ഷം ലോകശ്രദ്ധ വീണ്ടും നമ്മുടെ അതിര്‍ത്തികളില്‍ എത്തിച്ചിരിക്കുന്നു.
അതിര്‍ത്തി സ്‌ഫോടനാത്മകമായ ഒരു വൈകാരിക തലം പ്രാപിച്ചിട്ടുണ്ട് എങ്കിലും ഒരു യുദ്ധത്തിലേക്ക് എത്തില്ലെന്ന ശുഭാപ്തി തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നയതന്ത്രത്തിന്റെ വ്യാകരണമല്ല യുദ്ധത്തിന്റേത്. അതിന്റെ വിവിധതല സ്പര്‍ശിയായ കെടുതികള്‍ അതിര്‍ത്തിയിലോ തലസ്ഥാനത്തോ അവസാനിക്കില്ല. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ അത് കൊണ്ടുവരും. യുദ്ധകാല ബജറ്റുകള്‍ നമുക്ക് തന്നെ പരിചിതമാണല്ലോ. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നീട്ടിവെക്കേണ്ടിവരും. അപ്പോഴും യുദ്ധം അവസരമായി കാണുന്നവര്‍ പാര്‍ത്തിരിക്കുന്നുണ്ടാകും. എല്ലാം യുദ്ധത്തിന്റെ സൂചിമുനയിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ പൗരന്മാരുടെ അഭിപ്രായ പ്രകടനം പോലും അസാധ്യമാകും. ഭരണകൂടത്തിന് അത് ചിലപ്പോള്‍ ചില ഇടക്കാല സൗകര്യങ്ങളൊക്കെ സമ്മാനിക്കുമെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല.
യുദ്ധത്തിന് ഒടുക്കേണ്ടിവരുന്ന വില എന്തെന്ന് മനസ്സിലാക്കുന്നവരാണ് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ എന്നാണ് മനസ്സിലാക്കേണ്ടത്. ആക്രമണം ആവര്‍ത്തിക്കില്ലെന്ന ഇന്ത്യയുടെ തുറന്നു പറച്ചിലും നിയന്ത്രണ രേഖ കടന്നിട്ടില്ലെന്ന പാക് നിഷേധവും സാഹചര്യങ്ങളുടെ കനം കുറക്കാനുദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണ്. തിരിച്ചടി അനിവാര്യമാകുമ്പോള്‍ തന്നെ അത് ഒരിക്കലും സുരക്ഷാ വീഴ്ചക്ക് പ്രായശ്ചിത്തമാകില്ല എന്നതും വിസ്മരിക്കാന്‍ പാടില്ല. സൈനിക കേന്ദ്രങ്ങള്‍ക്കും സിവിലിയന്മാര്‍ക്കും സംരക്ഷണം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് അത് ഒരു വിടുതിയും ആര്‍ക്കും നല്‍കുന്നില്ല.
ഇനിയും ചില മരംപെയ്ത്തുകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാണ് ഉത്തരവാദപ്പെട്ട രാഷ്ട്ര നേതൃത്വങ്ങള്‍ കാണിക്കേണ്ടത്. യുദ്ധങ്ങള്‍ ഒന്നും പരിഹരിച്ചിട്ടില്ല, സങ്കീര്‍ണമാക്കിയിട്ടേയുള്ളൂ എന്ന മുന്നനുഭവം ഇരു കൂട്ടര്‍ക്കുമുണ്ടല്ലോ. സംഘര്‍ഷത്തിന്റെ ആത്യന്തിക ഗുണഭോക്താക്കളെക്കുറിച്ചുള്ള ബോധ്യവും എടുത്തുചാട്ടങ്ങളില്‍ നിന്ന് ഈ അയല്‍ക്കാരെ തടഞ്ഞുനിര്‍ത്തട്ടെ.