യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തീപ്പൊരി സംവാദവുമായി ഹിലരിയും ട്രംപും

Posted on: September 27, 2016 10:11 am | Last updated: September 27, 2016 at 1:56 pm

us-election1-jpg-image-784-410ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍ വരുന്ന ആദ്യത്തെ ടിവി സംവാദത്തില്‍ സംവാദത്തില്‍ വ്യക്തിപരമായി കടന്നാക്രമിച്ചും നിലപാടുകള്‍ വ്യക്തമാക്കിയും ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും. ന്യൂയോര്‍ക്കിലെ ഹാംപ്സ്റ്റഡിലെ ഹോഫ് സ്ട്ര യൂണിവേഴ്‌സിറ്റിയിലാണ് സംവാദം നടന്നത്. തൊഴില്‍, തീവ്രവാദം, സമൂഹം എന്നീ വിഷയങ്ങളിലാണ് സംവാദം നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഇരുവരും തുല്യനില പാലിച്ചുവെന്നാണ് സര്‍വേകള്‍ പറയുന്നത്.

സാമ്പത്തിക സമത്വത്തെക്കുറിച്ചാണ് ഹില്ലരി സംസാരിച്ചത്. ട്രംപ് ധനികരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഹില്ലരി, ധനികരേയും ദരിദ്രനേയും തുല്യരായി കാണുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്നും പറഞ്ഞു. അമേരിക്കന്‍ ജനങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ വിദേശരാജ്യങ്ങള്‍ തട്ടിയെടുക്കുന്നു എന്നാണ് ട്രംപ് ആരോപിച്ചത്. ഹില്ലരിയുടെ ഇമെയില്‍ വിവാദവും ട്രംപ് ഉയര്‍ത്തി. സംവാദത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം 10 കോടിയോളം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്.

നികുതി ഇളും നികുതി വര്‍ധനവും സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ വര്‍ഷങ്ങളായി നികുതി അടക്കാതെ ട്രംപ് നികുതി വെട്ടിപ്പ നടത്തുന്നുവെന്നായിരുന്നു ഹിലരിയുടെ പരാമര്‍ശം. ഇത് ട്രംപിനെ കൂടുതല്‍ പ്രകോപിതനാക്കി. പരാമര്‍ശത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ ഹിലരി അതില്‍ നിന്നും ഒഴിഞ്ഞുമാറി. യാഥാര്‍ത്ഥ്യമില്ലാത്ത ചില കാര്യങ്ങള്‍ പതിവു രാഷ്ട്രീയക്കാര്‍ പറയുന്നത് പോലെ ഹിലരിയും പറയുന്നതായി ട്രംപ് തിരിച്ചടിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങള്‍. ഹോഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടന്ന ആദ്യ സംവാദം ലക്ഷക്കണക്കിന് പേരാണ് തത്സമയം കണ്ടത്.