മാന്‍ഹട്ടണ്‍: അക്രമിയെ പിടികൂടി

Posted on: September 20, 2016 10:13 am | Last updated: September 20, 2016 at 10:13 am

manhatonന്യൂയോര്‍ക്ക്: മാന്‍ഹട്ടണിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നയാള്‍ അറസ്റ്റിലായി. ന്യൂജേഴ്‌സിയിലെ ലിന്‍ഡനില്‍വെച്ചാണ് അഹ്മദ് ഖാന്‍ റഹാമിയെന്നയാളെ പോലീസ് പിടികൂടിയത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടിടെ ഇയാളുടെ വലത് കൈയ്യില്‍ വെടിയേറ്റിട്ടുണ്ട്. അക്രമിയുടെ വെടിയേറ്റ് രണ്ട് പോലീസ് പരുക്കേറ്റു.
ചെല്‍സിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ യു എസ് പൗരനായ റഹാമി എന്ന 28കാരനാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രഷര്‍ കുക്കറില്‍ നിറച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തീവ്രവാദി ആക്രമണമാണ് നടന്നതെന്നും പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മാന്‍ഹട്ടണിലെ സ്‌ഫോടനത്തിന് പിന്നാലെ എലിസബത്ത്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. മാന്‍ഹട്ടണിലെ ആക്രമണം നടത്തിയയാള്‍ തന്നെയാകും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശ്രമം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാന്‍ഹട്ടണില്‍ സ്‌ഫോടനത്തിന് കാരണമായ പ്രഷര്‍കുക്കര്‍ ബോംബുകള്‍ക്ക് സമാനമാണ് പൊട്ടാത്ത നിലയില്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത്. ഇത് പ്രത്യേക സംഘങ്ങളെത്തി നിര്‍വീര്യമാക്കിയിട്ടുണ്ട്. ഉഗ്ര സ്‌ഫോടക വസ്തുക്കളടങ്ങിയ അഞ്ച് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തിന് ആസൂത്രണത്തിന്റെ സ്വഭാവമുണ്ടെന്ന് മനസ്സിലായതോടെ ന്യൂയോര്‍ക്കിലും സമീപ നഗരങ്ങളിലും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ ഇസില്‍ അടക്കുള്ള തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവകരമായി പരിശോധിച്ചുവരികയാണ്. എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള തെളിവുകളൊന്നും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
അതേസമയം, അഫ്ഗാനിസ്ഥാന്‍ വംശജനായ റഹാമിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാനും മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. എലിസബത്തുകാരനായ ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം അധികൃതര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രതി ആയുധധാരിയാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എഫ് ബി ഐ അടക്കമുള്ള ഏജന്‍സികള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.