Connect with us

Sports

പാരാലിമ്പിക്‌സ്: ചൈന ചാമ്പ്യന്‍മാര്‍

Published

|

Last Updated

റിയോ ഡി ജനീറോ: 2016 റിയോ പാരാലിമ്പിക്‌സിന് വര്‍ണാഭമായ കൊടിയിറക്കം. ചരിത്രത്തിലെ മികച്ച പ്രകടനവുമായി ഇന്ത്യ നാല്‍പ്പത്തിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗെയിംസില്‍ ചൈനക്കാണ് ഒന്നാം സ്ഥാനം. 239 മെഡലുകളാണ് ചൈന സ്വന്തമാക്കിയത്. 1988ന് ശേഷം പങ്കെടുത്ത പാരാലിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനവുമായി ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തെത്തി. 64 സ്വര്‍ണം ഉള്‍പ്പടെ 147 മെഡലുകളാണ് ബ്രിട്ടന്റെ നേട്ടം. രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ റിയോ പ്രകടനം.
പുരുഷന്മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജരിയയുമാണ് സ്വര്‍ണം അണിഞ്ഞത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്-53 ഇനത്തില്‍ ദീപ മാലിക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലും നേടി. ഇന്ത്യക്കായി 19 പേരാണ് ഗെയിംസില്‍ മത്സരിച്ചത്.
ബഹ്മാന് ആദരാജ്ഞലി
വര്‍ണാഭമായ ചടങ്ങില്‍ ഒരു മിനുട്ട് നിശബ്ദത. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി മത്സരത്തിനിടെ മരണത്തിലേക്ക് വഴുതിപ്പോയ ഇറാന്റെ പ്രിയ താരം ബഹ്മാന്‍ ഗോല്‍ബര്‍നെഷാദിന് സ്റ്റേഡിയത്തിലെ ഓരോ വ്യക്തിയും മൗനപ്രാര്‍ഥനയാല്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഫിലിപ് ക്രാവനായിരുന്നു സൈക്ലിംഗ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട് മരണമടഞ്ഞ ഇറാനിയന്‍ താരത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് സംസാരിച്ചത്. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തെ നമ്മുടെ ഉത്സവം ഈ രാത്രിയില്‍ അവസാനിക്കുകയാണ്. എന്നാല്‍, ഈ സന്തോഷത്തിലും ബഹ്മാന്റെ വിയോഗം നമ്മെ ഏവരെയും വേദനിപ്പിക്കുന്നു-ക്രാവന്‍ പറഞ്ഞു. മാറക്കാനയില്‍ എത്തിച്ചേര്‍ന്ന എണ്‍പതിനായിരത്തോളം കാണികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഫിലിപ്ക്രാവെന്‍ വാക്കുകള്‍ ഉപസംഹരിച്ചത്.
റിയോ വലിയ വിജയം
അംഗപരിമിതരുടെ കായിക മേളയെ പ്രോത്സാഹിപ്പിക്കാന്‍ ബ്രസീലുകാര്‍ കാണിച്ച ഉത്സാഹത്തെ, ആത്മാര്‍ഥതയെ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഫിലിപ് ക്രാവെന്‍ പ്രശംസിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ പങ്കെടുത്ത, ഏറ്റവുമധികം കാണികളെത്തിയ പാരാലിമ്പിക്‌സായി റിയോ മാറി. 1.9 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞു പോയത്.
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്
പാരാലിമ്പിക്‌സില്‍ മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനുള്ള പുരസ്‌കാരം അറിയപ്പെടുന്നത് ദക്ഷിണകൊറിയന്‍ ഡോക്ടര്‍ വാംഗ് യോന്‍ ദായുടെ പേരിലാണ്. പാരാലിമ്പിക്‌സ് സ്‌പോര്‍ട്‌സിനായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വാംഹ് യോന്‍. റിയോയില്‍ ആ പുരസ്‌കാരം രണ്ട് പേര്‍ക്ക് ലഭിച്ചു. നാല് സ്വര്‍ണം നേടിയ അമേരിക്കയുടെ തത്യാന മക്‌ഫെഡാനും സ്വതന്ത്ര അത്‌ലറ്റ് ഇബ്രാഹിം അല്‍ ഹുസൈനും. അരക്ക്താഴെ തളര്‍ന്നു പോയ മക്ഫാഡനെ റഷ്യയിലെ അനാഥാലയത്തില്‍ നിന്ന് അമേരിക്കന്‍ വനിത ദിബോറ മക്‌ഫെഡന്‍ ഇരുപത് വര്‍ഷം മുമ്പ് ദത്തെടുക്കുകയായിരുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എംബസിയില്‍ അമേരിക്കയുടെ ആരോഗ്യ-മാനവിക ശാസ്ത്ര വകുപ്പ് കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു ദിബോറ മക്‌ഫെഡന്‍.
വീല്‍ചെയറില്‍ 800 മീറ്റര്‍ മത്സരത്തില്‍ ഗെയിംസിലെ നാലാം സ്വര്‍ണം സ്വന്തമാക്കിയ തത്യാന പരാലാമ്പിക്‌സില്‍ അമേരിക്കക്ക് വേണ്ടി ഇതുവരെ പതിനാല് മെഡലുകള്‍ നേടിയിട്ടുണ്ട്.
സിറിയയില്‍ നിന്നുള്ള അല്‍ ഹുസൈന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ പതാകക്ക് കീഴിലാണ് മത്സരിച്ചത്. അഭയാര്‍ഥി താരം എന്ന നിലയില്‍.
2013 ലെ ബോംബ് സ്‌ഫോടനത്തില്‍ വലത് കാല്‍ മുട്ടിന് താഴെ നഷ്ടമായി.
ഇനിയൊരു ജീവിതം ഇല്ലെന്ന ഘട്ടത്തില്‍ നിന്നാണ് ഹുസൈന്‍ ലോകത്തിന് പ്രചോദനമായിക്കൊണ്ട് തിരിച്ചുവന്നത്.

---- facebook comment plugin here -----

Latest