തീവ്രവാദത്തിന് ഒത്താശ ചെയ്യരുത്

Posted on: September 20, 2016 9:06 am | Last updated: September 20, 2016 at 9:06 am
SHARE

വിഭജനത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇന്ത്യന്‍ വിദേശ നയത്തിന്റെയും ആഭ്യന്തര സുരക്ഷയുടെയും മേലുള്ള ഏറ്റവും വലിയ വെല്ലുവിളി പാക്കിസ്ഥാന്‍ തന്നെയാണോ? അതിര്‍ത്തിയിലെ അസ്വസ്ഥതകളും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളും ഈ സന്ദേഹമാണുയര്‍ത്തുന്നത്.
നിയന്ത്രണരേഖക്ക് തൊട്ടടുത്ത ഉറി സൈനിക താവളത്തില്‍ നടന്ന ഭീകരാക്രണം നിരവധി കാരണങ്ങളാല്‍ ഗൗരവമുള്ളതാണ്. സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഒത്താശ അന്താരാഷ്ട്ര ഏജന്‍സികളെ അറിയിക്കണമെന്നും പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിക്കണമെന്നുമൊക്കെ നിര്‍ദേശങ്ങളുയരുന്നുണ്ട്. ആക്രമണത്തിന് പിറകെ, തങ്ങളെക്കുറിച്ച് ഭീകര രാജ്യമെന്ന രാജ്‌നാഥ് സിംഗിന്റെ പ്രതികരണത്തെ അപക്വമെന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍, കാശ്മീര്‍ സംഘര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുമെന്ന് ഭീഷണിമുഴക്കിയിട്ടുമുണ്ട്.
2016 ജനുവരി രണ്ടിന് പഠാന്‍കോട്ട് ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അന്നത്തെ വീഴ്ച വലിയ വിമര്‍ശങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ഏഴ് സൈനികരുടെ ജീവന്‍ പൊലിഞ്ഞ ആ ആക്രമണം കേന്ദ്ര സര്‍ക്കാറിനെ ഒന്നും പഠിപ്പിച്ചില്ല എന്നല്ലേ ഉറി തെളിയിക്കുന്നത്? രണ്ട് ആക്രമണങ്ങളും തമ്മിലുള്ള താരതമ്യം പരിശോധിക്കുമ്പോള്‍ തന്നെ അത്തരമൊരു ആലോചനയുടെ സാംഗത്യം വ്യക്തമാകും. പുലര്‍ച്ചെയാണ് രണ്ട് ആക്രമണങ്ങളും നടന്നത്. വേഷപ്രച്ഛന്നരായാണ് ഭീകരര്‍ പഠാന്‍കോട്ട് വ്യോമ താവളത്തിലും ഉറിയിലെ കരസേനാ താവളത്തിലും എത്തുന്നത്. ഇത്രയും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ പോലും ഭീകരര്‍ക്ക് കടന്നുകയറാന്‍ കഴിയുന്നു എന്നത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. യൂനിഫോമിലെ സാമ്യം കൊണ്ട് മാത്രം സൈനിക താവളങ്ങള്‍ക്കുള്ളില്‍ കയറിപ്പറ്റാം എന്ന് വരുന്നത് പേടിപ്പെടുത്തുന്നതാണ്. അതിര്‍ത്തിക്ക് സൈന്യം കാവല്‍ നില്‍ക്കുന്നു. ഈ കാവല്‍ക്കാര്‍ക്ക് ആര് കാവല്‍? ഇത്തരം സ്വയം വിമര്‍ശങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ഒരു വഴി. മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷത്തിന്റെ സ്വാഭാവിക പ്രതികരണം എന്നതിനപ്പുറം ഉള്ളടക്കമുള്ളതാകുന്നത് ഇതുകൊണ്ടാണ്.
അതിര്‍ത്തിയിലുള്ള ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതും പ്രധാനമാണ്. കശ്മീരികളുടെ മനസ്സിന് മുറിവേറ്റ സമയം ഭീകരര്‍ ആക്രമണത്തിന് തിരഞ്ഞെടുക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണണം. സംഘര്‍ഷത്തെ തുടര്‍ന്ന് അശാന്തമായ അന്തരീക്ഷം മുതലെടുക്കാനുള്ള ശ്രമം കൂടി ഇതിലുണ്ടെന്ന് വേണം അനുമാനിക്കാന്‍. ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോഴും മെഹ്ബൂബ മുഫ്തി ആക്രമണത്തെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ അത്തരം ചില ലാഞ്ചനകള്‍ വായിക്കാന്‍ കഴിയും. ഇന്ത്യ- പാക് ശത്രുതയുടെ ഇരകളായി സംസ്ഥാനത്തുള്ളവര്‍ മാറിയെന്ന് അവര്‍ പറയുമ്പോള്‍ സമീപകാലത്തെ സംഘര്‍ഷങ്ങള്‍ അവരെപോലും എവിടെയത്തിച്ചു എന്ന് ആലോചിക്കണം.
പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കുക, ജനത്തിനു നേരെയുള്ള വഴിവിട്ട നടപടികള്‍ നിര്‍ത്തിവെക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ നടപടികളിലൂടെ ആ നാടിനെയും അതിര്‍ത്തി ഗ്രാമങ്ങളെയും രാജ്യത്തോടടുപ്പിക്കുമ്പോഴാണ് ഭീകരര്‍ക്ക് പൊറുതി മുട്ടുക. അശാന്തമായ അന്തരീക്ഷം ഛിദ്രശക്തികള്‍ക്ക് ആവേശം പകരും. അവരുടെ വിധ്വംസക ദൗത്യങ്ങള്‍ സുഗമമാക്കുകയും ചെയ്യും.
ഭീകരാക്രമണത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യമിക്കുന്നുണ്ട്. പാക്കിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. സൂക്ഷിച്ചു ചെയ്യേണ്ട ദൗത്യമായിരിക്കും ഇത്. കാരണം, കശ്മീര്‍ പ്രശ്‌നത്തെ വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. അവര്‍ക്ക് ചവിട്ടുപടിയായിപ്പോകരുത് നമ്മുടെ ശ്രമം. യു എന്നില്‍ കശ്മീരിലെ പുതിയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്ന് ഭീകരാക്രമണത്തിന് ശേഷവും പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബലൂചിസ്ഥാനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന, പാക്കിസ്ഥാനെതിരെ വിരല്‍ ചൂണ്ടാനുള്ള നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ ദുര്‍ബലപ്പെടുത്തുമെന്ന വിമര്‍ശവും ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തൊക്കെ പ്രകോപനമുണ്ടാകുമ്പോഴും ശാന്തമായ അതിര്‍ത്തിക്കും അയല്‍പക്ക ബന്ധങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമായിരിക്കണം നമ്മുടെ നീക്കങ്ങള്‍. അതേസമയം ഭീരുത്വമോ ദൗര്‍ബല്യമോ അല്ല സമാധാന ശ്രമങ്ങളെന്നത് അയല്‍ക്കാരെ ബോധ്യപ്പെടുത്താനും കഴിയണം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒത്താശയും അനുഭാവ സമീപനവും എന്തു നേടിക്കൊടുത്തെന്ന് പാക് രാഷ്ട്രീയ നേതൃത്വവും ആലോചിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here