കരിപ്പൂര്‍: ഇന്ന് പ്രവാസികള്‍ പ്രതിഷേധ ദിനമായി ആചരിക്കുന്നു

Posted on: September 15, 2016 8:36 am | Last updated: September 15, 2016 at 8:36 am
SHARE

KARIPOOR AIR PORTകോഴിക്കോട് : കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ഗള്‍ഫിലെ പ്രവാസി മലയാളികളുടെ സംയുക്ത വേദിയായ ‘മലബാര്‍ ഡെവലപ്‌മെന്റ് ഫോറം’ സമര ഗോദയിലേക്കിറങ്ങുന്നു. ശക്തമായ ബഹുജന മുന്നേറ്റത്തിനും, നിയമ പോരാട്ടത്തിനുമൊരുങ്ങുകയാണ് ഫോറം. അതിന്റെ മുന്നോടിയായി ഇന്ന് കരിദിനമായി ആചരിക്കുകയാണ്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസ്താവനകളിറക്കുന്നുവെന്നതിനപ്പുറം കരിപ്പൂരിന്റെ വീണ്ടെടുപ്പിനായി പ്രത്യക്ഷ സമരരംഗത്തേക്ക് ഇറങ്ങാന്‍ മടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയത്തിനതീതമായി പ്രവാസികള്‍ക്ക് സംഘടിക്കേണ്ടി വന്നത്. മഹാ ഭൂരിപക്ഷം വരുന്ന മലബാറിലെ വിമാനയാത്രക്കാരാണ് കരിപ്പൂരില്‍ വലിയ വിമാനമിറങ്ങാത്തതു കാരണം ബുദ്ധിമുട്ടിലായത്. കൊച്ചിയില്‍ വിമാനമിറങ്ങി ട്രെയിന്‍ മാര്‍ഗ്ഗമോ ബസ് മാര്‍ഗ്ഗമോ മണിക്കൂറുകള്‍ സഞ്ചരിച്ചാണ് ഇപ്പോള്‍ വീട്ടിലെത്തുന്നത്. ഗര്‍ഭിണികളും മറ്റും ഏറെ ദുരിതം സഹിച്ചാണ് റോഡുമാര്‍ഗ്ഗം മണിക്കൂറുകള്‍ സഞ്ചരിക്കുന്നത്.

റണ്‍വെ റീ സ്‌ട്രെങ്തനിംഗ് ജോലികള്‍ തീര്‍ക്കുന്നതിന് തല്‍ക്കാലത്തേക്ക് എന്നു പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ റണ്‍വേയുടെ ജോലികള്‍ മുഴുവന്‍ തീര്‍ന്നിട്ടും പഴയ നില തുടരാന്‍ കേന്ദ്ര വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാന്‍ മടിക്കുന്നതാണ് നിലവിലെ പ്രതിസന്ധി. ഇനിയും 3000 അടികൂടി റണ്‍വെ നീളം കൂട്ടിയാലേ അനുമതി നല്‍കാനാകൂ എന്ന വിചിത്ര നിലപാടാണ് ഡിജിസിഎ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ തന്നെ മറ്റു അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ റണ്‍വേകള്‍ കരിപ്പൂരിന്റേതിനേക്കാള്‍ നീളം കുറഞ്ഞവയാണെന്നതാണ് വസ്തുത.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സിയാലില്‍ പണം മുടക്കിയ വന്‍ ലോബികള്‍ക്കു വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കരിപ്പൂരിനെതിരെ ചരടുവലിക്കുന്നതെന്നു മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here