ആഗോള വസ്തു വിപണിയില്‍ കൂടുതല്‍ പണമിറക്കുന്നത് ഖത്വര്‍

Posted on: September 6, 2016 6:36 pm | Last updated: September 6, 2016 at 6:36 pm

ദോഹ: ആഗോള റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്ന് പണമൊഴുക്കുന്നതില്‍ യു എ ഇയെ മറികടന്ന് ഖത്വര്‍. കഴിഞ്ഞ വര്‍ഷം യു എ ഇ 7.3 ബില്യന്‍ ഡോളറാണ് നിക്ഷേപിച്ചതെങ്കില്‍ ഖത്വറിന്റെത് 10.5 ബില്യന്‍ ഡോളര്‍ ആണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പണമൊഴുക്കിന്റെ മുക്കാല്‍ ഭാഗവും നടത്തിയിരിക്കുന്നത് ഖത്വറും യു എ ഇയുമാണ്.
ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം ഖത്വറിന്റെയും യു എ ഇയുടെയും മൂലധന ഒഴുക്ക് 10 ബില്യന്‍ ഡോളര്‍ ആയിട്ടുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് വാണിജ്യ സേവന, നിക്ഷേപ കമ്പനിയായ സി ബി ആര്‍ ഇ മിഡില്‍ ഈസ്റ്റിന്റെ ‘ഇന്‍ ആന്‍ഡ് ഔട്ട്’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്വറിന്റെയും യു എ ഇയുടെയും പരമോന്നത സ്വത്ത് ഫണ്ട് (എസ് ഡബ്ല്യു എഫ്) ആണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു എ ഇയും ഖത്വറും അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇനിയും നിക്ഷേപമിറക്കുമെന്നതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് മൂലധനം പുറത്തേക്ക് ഒഴുകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ ആഗോള നിക്ഷേപ രംഗത്ത് മെല്ലെപ്പോക്കുണ്ടായെങ്കിലും മിഡില്‍ ഈസ്റ്റിലെ നിക്ഷേപകര്‍ സജീവമായി വസ്തുക്കള്‍ വാങ്ങിക്കൂട്ടി. 2009 മുതല്‍ മിഡില്‍ ഈസ്റ്റ് നിക്ഷേപം അതിദ്രുതം വളരുകയാണ്. മറ്റ് മേഖലകളിലൊന്നുമില്ലാത്ത വളര്‍ച്ചയാണ് നിക്ഷേപകാര്യത്തില്‍ മിഡില്‍ ഈസ്റ്റിനുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ആദ്യപകുതി വരെയുള്ള 18 മാസങ്ങള്‍ക്കിടയില്‍ ന്യൂയോര്‍ക്കിലാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്. ആറര ബില്യന്‍ ഡോളറിന്റെ വസ്തുക്കളാണ് ന്യൂയോര്‍ക്കില്‍ വാങ്ങിക്കൂട്ടിയത്. നേരത്തെ ലണ്ടനായിരുന്നു മിഡില്‍ ഈസ്റ്റ് നിക്ഷേപകരുടെ ഇഷ്ടകേന്ദ്രം. ഇപ്പോള്‍ ലണ്ടന്‍ രണ്ടാമതാണ്. 4.7 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ലണ്ടനിലുള്ളത്. സിംഗപ്പൂരില്‍ 2.5 ബില്യന്‍ ഡോളറും ഹോംഗ്‌കോംഗില്‍ 2.4 ബില്യന്‍ ഡോളറും പാരീസില്‍ 2.2 ബില്യന്‍ ഡോളറും മിലാനില്‍ 1.3 ബില്യന്‍ ഡോളറും മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ നിക്ഷേപമിറക്കി. പുതിയ നഗരങ്ങളില്‍ നിക്ഷേപമിറക്കുകയെന്ന പ്രവണതയും മിഡില്‍ ഈസ്റ്റ് നിക്ഷേപകരില്‍ കണ്ടുവരുന്നു. അമേരിക്കയും ഏഷ്യന്‍ നഗരങ്ങളും നിക്ഷേപ ലിസ്റ്റില്‍ ഇടംപിടിക്കുന്നത് അതിന്റെ തെളിവാണ്. നിക്ഷേപകാര്യത്തില്‍ വൈവിധ്യവത്കരണവും ദൃശ്യമാണ്. ഈ പ്രവണത തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവില ബാരലിന് 40- 50 ഡോളര്‍ ആണെങ്കിലും കഴിഞ്ഞ പതിനെട്ട് മാസത്തിനിടയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് നിക്ഷേപം ഒഴുകിയിട്ടുണ്ട്. 2008- 16 കാലയളവില്‍ ലോകത്തെ 25 പ്രമുഖ നഗരങ്ങളില്‍ 22.6 ശതമാനം നിക്ഷേപം നടത്തിയത് മിഡില്‍ ഈസ്റ്റ് മേഖലയാണ്. ഇക്കാലയളവില്‍ ലണ്ടനില്‍ 28.5 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. അതേസമയം, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിദേശനിക്ഷേപം യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളെ അപേക്ഷിച്ച് ഇക്കാലയളവില്‍ മിതമായ തോതിലേ വര്‍ധിച്ചിട്ടുള്ളൂ.