ആംബുലന്‍സിന് കാശില്ല; പിഞ്ചു കുഞ്ഞിന്റെ മൃതദേഹവും മടിയില്‍വെച്ച് മാതാവ് കഴിഞ്ഞത് ഒരു രാത്രി

Posted on: September 5, 2016 12:28 pm | Last updated: September 5, 2016 at 2:16 pm
SHARE

imranaമീററ്റ്: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ മാതാവിന് രണ്ട് വയസുകാരി കുഞ്ഞിന്റെ മൃതദേഹവും മടിയില്‍ വെച്ച് കഴിയേണ്ടി വന്നത് ഒരു രാത്രി. ഉത്തര്‍പ്രദേശിലെ ബാഗ്പാട്ട് സ്വദേശിനിയായ ഇംറാന എന്ന മാതാവിനാണ് ഈ ദുരവസ്ഥ. കടുത്ത പനിയെ തുടര്‍ന്നാണ് ഇംറാന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പനി ശക്തമായതിനെ തുടര്‍ന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

തുടര്‍ന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ആംബുലന്‍സ് വിളിച്ചെങ്കിലും ഡ്രൈവര്‍ 1500 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക ഇംറാനയുടെ കയ്യിലുണ്ടായിരുന്നു. ജില്ലക്ക് പുറത്ത് പോവാന്‍ ആശുപത്രിയിലെ ആംബുലന്‍സിന് അനുമതിയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതരും കയ്യൊഴിഞ്ഞു. പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തിയവരാണ് ഇംറാനയുടെ ദുരവസ്ഥ കണ്ട് ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കിയത്.