തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഖത്വര്‍ ഹജ്ജ് മിഷന്‍ ഒരുങ്ങി

Posted on: August 31, 2016 8:50 pm | Last updated: August 31, 2016 at 8:50 pm
ഖത്വര്‍ ഹജ്ജ് മിഷന്‍ സംഘാംഗങ്ങള്‍ ജിദ്ദ വിമാനത്താവളത്തില്‍
ഖത്വര്‍ ഹജ്ജ് മിഷന്‍ സംഘാംഗങ്ങള്‍ ജിദ്ദ വിമാനത്താവളത്തില്‍

ദോഹ: ഖത്വറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ മക്കയിലെ ഖത്വര്‍ ഹജ്ജ് മിഷന്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷത്തെ 1200 ഖത്വരി തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും പരിചരിക്കുന്നതിനും ഹജ്ജ് മിഷന്‍ മുഴുസമയവും പ്രവര്‍ത്തിക്കും. പബ്ലിക് റിലേഷന്‍, മെഡിക്കല്‍, ഐ ടി യൂനിറ്റുകള്‍ ഉള്‍പ്പെടുന്നതാണ് മിഷന്‍. ഓരോ യൂനിറ്റും മികച്ച സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മിഷന്‍ ഏകോപനം നടത്തും. മക്കയില്‍ മിഷന് 13 നിലകളുള്ള ആസ്ഥാനമുണ്ട്. ഓഫീസ്, ബാള്‍റൂമുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മെഡിക്കല്‍ നടപടിക്രമങ്ങള്‍ ഖത്വര്‍ തീര്‍ഥാടകര്‍ പൂര്‍ത്തിയാക്കണമെന്ന് മിഷന്‍ നിര്‍ദേശിച്ചു. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് രോഗങ്ങളെ തടയുന്നതിനുള്ള മികച്ച പ്രതിവിധിയാണ്. രോഗികളായ തീര്‍ഥാടകര്‍ക്ക് ആരോഗ്യശ്രദ്ധ വേണം.