‘ക്യാന്‍സര്‍ ഫ്രീ കോഴിക്കോടി’ന് മൂന്നിന് തുടക്കം

Posted on: August 30, 2016 11:06 am | Last updated: August 30, 2016 at 11:06 am

കോഴിക്കോട്: സ്മാര്‍ട്ട് കോഴിക്കോട് എന്ന പദ്ധതിയുടെ പ്രീലോഞ്ചിംഗ് ക്യാമ്പയിനായ ‘ക്യാന്‍സര്‍ ഫ്രീ കോഴിക്കോട്’ന് അടുത്തമാസം മൂന്നിന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്ലാസ്റ്റിക് ശേഖരണവും ബോധവത്കരണ ക്ലാസുമാണ് ആദ്യ പടി. ക്യാന്‍സറിന് ഏറ്റവും പ്രധാന കാരണമായ പ്ലാസ്റ്റിക് ശേഖരിച്ച് വേങ്ങേരി നിറവിന്റെ സഹായത്തോടെ മാലിന്യങ്ങള്‍ കര്‍ണാടകയിലെ റീസൈക്ലിംഗ് പ്ലാന്റില്ലേക്ക് എത്തിക്കുകയാണ് പദ്ധതി. സ്മാര്‍ട്ട് കോഴിക്കോടിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാമതായ മാലിന്യ സംസ്‌കരണത്തില്‍ പ്ലാസ്റ്റിക്ക് പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തെ ക്യാന്‍സര്‍ വിമുക്തമാക്കുന്നത്.

അടുത്ത മാസം മൂന്ന്, നാല് തീയതികളിലായി രാവിലെ ഏഴ് മുതല്‍ പത്ത് വരെ എരിഞ്ഞിപാലം മുതല്‍ മീഞ്ചന്ത വരെയും മെഡിക്കല്‍ കോളജ് മുതല്‍ കോര്‍പറേഷന്‍ ഓഫീസ് വരെയുമുള്ള റോഡുകള്‍ക്കിരുവശവുമാണ് ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നത്.
എരിഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി സെന്ററിലെയും, കേരള കൗമുദി- പഞ്ചാബ് നാഷ്‌നല്‍ ബേങ്ക് ജീവനക്കാരും അവരുടെ കുടുംബാഗങ്ങളും കോഴിക്കോട് കോര്‍പറേഷനിലെ 16 തൊഴിലാളികളുമാണ് ശുചീകരണം നടത്തുക.

മലബാര്‍ ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. പി എ ലളിത, ഡോ. മിലി മോണി, ഡോ. ഗംഗാധരന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഫര്‍ഹാന്‍ യാസീന്‍, പഞ്ചാബ് നാഷനല്‍ ബേങ്ക് ചീഫ് മാനേജര്‍ ഇ പെരുമാള്‍ പങ്കെടുത്തു.