തിംബുക്തുവിലെ ഇസ്‌ലാമിക സ്മാരകങ്ങള്‍ തകര്‍ത്ത തീവ്രവാദി നേതാവിന്റെ കുറ്റസമ്മതം

Posted on: August 23, 2016 10:49 am | Last updated: August 23, 2016 at 10:49 am
AL FAQI
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന മാലിയിലെ സലഫിസ്റ്റ് തീവ്രവാദി നേതാവ് അഹ്മാസ് അല്‍ ഫഖി അല്‍ മഹ്ദി

ഹേഗ്: ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച തിംബുക്തുവിലെ ചരിത്രപ്രധാന ഇസ്‌ലാമിക സ്മാരകങ്ങള്‍ തകര്‍ത്ത കേസില്‍ മാലി തീവ്രവാദി നേതാവിന്റെ കുറ്റസമ്മതം. അല്‍ഖാഇദയുമായി ബന്ധമുള്ള സലഫിസ്റ്റ് തീവ്രവാദി വിഭാഗമായ അന്‍സാറുദ്ദീന്റെ നേതാവാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ലോക പൈതൃക പ്രദേശങ്ങള്‍ക്കെതിരായ ആക്രമണം യുദ്ധക്കുറ്റമായി പരിഗണിക്കുന്ന ആദ്യത്തെ കേസിലാണ് അഹ്മാസ് അല്‍ ഫഖി അല്‍ മഹ്ദിയുടെ കുറ്റസമ്മതം. ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെന്നും അല്‍ഖാഇദയുടേയും അന്‍സാറുദ്ദീന്റേയും പിശാചിന്റെ വലയില്‍ ഉള്‍പ്പെട്ടതാണ് ഇത്തരമൊരു പാപം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വീട്ടുകാരോടും തിംബുക്തുവിലെ ജനങ്ങളോടും ചെയ്തതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ജീവിതത്തില്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ തെറ്റാണിതെന്നും മഹ്ദി കോടതിയില്‍ പറഞ്ഞു.

2012ലാണ് മാലി സര്‍ക്കാറിനെതിരെ ആക്രമണം നടത്തിയ അന്‍സാറുദ്ദീന്‍ തീവ്രവാദികള്‍ തിംബുക്തുവിലെ പൈതൃക മേഖലകളില്‍ ആക്രമണം നടത്തിയത്. 15,16 നൂറ്റാണ്ടിലെ ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടത്തിലെ കെട്ടിടങ്ങള്‍, ലൈബ്രറികള്‍, പള്ളികള്‍, മഖ്ബറകള്‍, പുസ്തകങ്ങള്‍ എന്നിവയാണ് അന്‍സാറുദ്ദീന്‍ തീവ്രവാദികള്‍ ഇല്ലായ്മ ചെയ്തത്. സര്‍ക്കാറിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ മാലിയിലെ അന്‍സാറുദ്ദീന്‍ സംഘം പൈതൃക ഭൂമികള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടത്തുകയായിരുന്നു. യു എന്നിന്റെ പൈതൃക പട്ടികയില്‍ ഇടം നേടിയ സ്മാരകങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതിരെ അന്താരാഷ്ട്രതലത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
പൈതൃക പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ അന്‍സാറുദ്ദീന്റെ സായുധ സംഘത്തിന് നിര്‍ദേശം നല്‍കിയത് മെഹ്ദിയായിരുന്നു. 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള യുദ്ധക്കുറ്റമാണ് മഹ്ദി ചെയ്യതെന്ന് ഹേഗ് കോടതി വൃത്തങ്ങള്‍ അറിയിച്ചു. ഫ്രഞ്ച് സൈന്യത്തിന്റെ പിന്‍ബലത്തില്‍ മാലി സൈന്യം തിംബുക്തു അടങ്ങുന്ന അന്‍സാറുദ്ദീന്‍ സംഘത്തിന്റെ ശക്തി പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ളില്‍ ഇവിടുത്തെ 14 പുരാതന ഇസ്‌ലാമിക് മ്യൂസിയങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഇസ്‌ലാമിക പൈതൃക പ്രദേശങ്ങള്‍ തകര്‍ക്കുന്നതിന്റെ പ്രധാന ആസൂത്രകന്‍ മഹ്ദിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്.
സിറിയയിലെ പൈതൃക പ്രദേശങ്ങള്‍ക്ക് നേരെ ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളുമായാണ് തിംബുക്തുവിലെ സംഭവത്തെ ചീഫ് പ്രോസിക്യൂട്ടര്‍ താരതമ്യം ചെയ്തത്. ജനങ്ങളുടെ ചരിത്രത്തിന് നേരെയുള്ള ആക്രമണമാണിവയെന്നും എന്തുകൊണ്ടും വളരെ ഗൗരവമുള്ള കുറ്റമാണെന്നും ചീഫ് പ്രോസിക്യൂട്ടര്‍ ഫെറ്റൗ ബെന്‍സൗഡ വ്യക്തമാക്കി.