കത്തിലൂടെ മൊഴിചൊല്ലല്‍: യുവതിക്ക് 23.50 ലക്ഷം ജീവനാംശം നല്‍കാന്‍ വിധി

Posted on: August 21, 2016 11:23 am | Last updated: August 21, 2016 at 11:23 am

കാസര്‍കോട്: ഗള്‍ഫില്‍ നിന്നും കത്തിലൂടെ മൊഴി ചൊല്ലിയ യുവതിക്ക് 23.50ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ സി ജെ എം കോടതി ഉത്തരവിട്ടു. ചട്ടഞ്ചാല്‍ ബാലനടുക്കം ബെണ്ടിച്ചാല്‍ ഹൗസിലെ ബി എ അബ്ദുല്ലയുടെ മകള്‍ നഫീസത്ത് മിസ്‌രിയ (28) യുടെ പരാതിയിലാണ് ഭര്‍ത്താവ് ദേളി കപ്പണടുക്കത്തെ മുഹമ്മദ് ഫാസില്‍ (32) ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2008 മാര്‍ച്ച് എട്ടിനാണ് മിസ്‌രിയും ഫാസിലും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2015 ആഗസ്റ്റ് 10നാണ് മിസ്‌രിയയെ മൊഴി ചൊല്ലിക്കൊണ്ടു ഗള്‍ഫില്‍ നിന്നും ഫാസില്‍ മഹല്ല് കമ്മിറ്റിക്കും യുവതിക്കും കത്തയച്ചത്.

നേരത്തെ സ്തീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായുള്ള മിസ്‌രിയുടെ പരാതിയില്‍ ഫാസിലിനെതിരെയും പിതാവ് അഹമദ് ഹാജി, മാതാവ് റാബിയ, സഹോദരി സുഹറ ബീവി എന്നിവര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്. ഇതിനിടയിലാണ് യുവതിയെ ഫാസില്‍ ഗള്‍ഫില്‍ നിന്നും കത്തിലൂടെ മൊഴി ചൊല്ലിയത്.
ഇതേ തുടര്‍ന്ന് യുവതി അഡ്വ. പി എ.ഫൈസല്‍ മുഖേന സി ജെ എം കോടതിയില്‍ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ 50 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും മഹറായി നല്‍കിയ അഞ്ച് പവന്‍ സ്വര്‍ണം, വിവാഹത്തിന് ചിലവായ രണ്ട് ലക്ഷം രൂപ. ഇദ്ദ ഇരിക്കുന്നതിന് ഒരു ലക്ഷം രൂപ എന്നിവയടക്കമാണ് ജീവനാംശം നല്‍കേണ്ടത്.