മരുന്ന് പരീക്ഷണത്തിന് ഇരകള്‍ വിദ്യാര്‍ഥികള്‍

  • വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ഏജന്റുമാര്‍
  • അഞ്ച് ലക്ഷം രൂപ വരെ പ്രതിഫലം
Posted on: August 14, 2016 8:15 am | Last updated: August 14, 2016 at 5:25 pm

MEDICINE TESTപാലക്കാട്:വന്‍കിട ഔഷധ നിര്‍മാണ കമ്പനികള്‍ മരുന്ന് പരീക്ഷണത്തിന് മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്നു. കര്‍ണാടക ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളെയും നഴ്‌സുമാരെയുമാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രുപ വരെ പ്രതിഫലം നല്‍കിയാണ് മരുന്ന് കമ്പനികള്‍ വിദ്യാര്‍ഥികളെ വലയിലാക്കുന്നത്. ഹിമാചല്‍പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ മരുന്ന് നിര്‍മാണ കമ്പനികള്‍ക്കു വേണ്ടിയാണ് ബെംഗളൂരു കേന്ദ്രമാക്കിയ ഏജന്റുമാര്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ വലയിലാക്കുന്നത്.

മരുന്ന് കമ്പനികളുടെ നിരീക്ഷണത്തിലാകും മാസങ്ങള്‍ നീളുന്ന പരീക്ഷണം. മരണം സംഭവിച്ചാല്‍ പോലും താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് മുദ്രപത്രത്തില്‍ എഴുതിവാങ്ങിയാണ് വിദ്യാര്‍ഥികളെ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നത്. മരുന്നിന് അപകടമില്ലെന്ന് വിദ്യാര്‍ഥികളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരെയും നിയോഗിക്കുന്നു. ബെംഗളൂരുവിലെ വന്‍കിട ആശുപത്രികളും ക്ലിനിക്കുകളുമാണ് പലപ്പോഴും പരീക്ഷണശാലകള്‍. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പരീക്ഷണത്തിനാണ് കൂടുതലായും വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. പുതിയ മരുന്ന് കണ്ടുപിടിക്കുമ്പോള്‍ മൂന്നാം ഘട്ടത്തില്‍ മാത്രമേ മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ഇവിടെ ഒന്നാം ഘട്ടത്തില്‍ തന്നെയാണ് വിദ്യാര്‍ഥികളിലെ പരീക്ഷണം.

ഒന്നാം ഘട്ടത്തില്‍ എലി, മുയല്‍, നായ തുടങ്ങിയ മൃഗങ്ങളിലാണ് പരീക്ഷിക്കേണ്ടത്. ഇതു വിജയിച്ചാല്‍ രണ്ടാം ഘട്ടമായി കുരങ്ങനില്‍ പരീക്ഷിക്കും. ഇതു വിജയിച്ചെന്ന് പൂര്‍ണ ബോധ്യം വന്നാല്‍ മാത്രം, എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കി മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് നിയമം. അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ സമയദൈര്‍ഘ്യമുള്ള പ്രക്രിയയാണിത്.
ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ മാറുന്ന സ്ഥിതിയുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ 2,032 പേര്‍ മരുന്ന്പരീക്ഷണങ്ങള്‍ക്ക് ഇരയായി മരിച്ചുവെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനെ ഗിനിപ്പന്നികളാക്കരുതെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

നഴ്‌സിംഗ് ജോലിക്ക് സ്വകാര്യ മേഖലയില്‍ മൂവായിരം മുതല്‍ ഏഴായിരം വരെ രുപ മാത്രമാണ് വേതനം. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പോലും ഇത് തികയില്ല. ഇത് ചൂഷണം ചെയ്താണ് നിര്‍ധനരായ കുട്ടികളെ പരീക്ഷണത്തിനിരയാക്കുന്നത്. മരുന്നിന്റെ സ്വഭാവം അനുസരിച്ചാണ് പ്രതിഫലം. ഗുരുതരമായ പാര്‍ശ്വഫലമുണ്ടാകാനിടയുള്ള മരുന്നിന് കൂടുതല്‍ തുക ലഭിക്കും. നഴ്‌സിംഗ് കോളജ് അഡ്മിഷന്റെ ഏജന്റുമാര്‍ ഇതിന്റെയും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
രാസവസ്തു, വളം മന്ത്രാലയത്തിനു കീഴിലെ കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് വകുപ്പാണ് ഇന്ത്യയില്‍ മരുന്ന് നിര്‍മാണവും വിലനിര്‍ണയവും നിയന്ത്രിക്കുന്നത്. വിപണനം മാത്രമാണ് ആരോഗ്യ വികുപ്പിനു കീഴില്‍. വിദേശ രാജ്യങ്ങളിലെല്ലാം മരുന്ന് പരീക്ഷണത്തിന് മനുഷ്യനെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ക്ക് വേദിയൊരുക്കുന്നത്.