കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികളെന്ന് കട്ജു

Posted on: August 11, 2016 8:34 pm | Last updated: August 12, 2016 at 1:07 am

kadjuന്യൂഡല്‍ഹി: യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണെന്ന് പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. എന്തിനെയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ കേരളീയര്‍ക്ക് മടിയില്ല. അതിപ്പോള്‍ ദ്രാവിഡരോ ആര്യന്മാരോ റോമന്‍കാരോ അറബുകളോ ബ്രിട്ടീഷുകാരോ ഹിന്ദുക്കളോ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ മാര്‍ക്‌സിസ്റ്റുകളോ ആരായാലും അവര്‍ സ്വീകരിക്കും, ഉള്‍ക്കൊള്ളും. അതാണ് കേരളീയര്‍ എന്നും കട്ജു അഭിപ്രായപ്പെട്ടു.
യഥാര്‍ഥ ഇന്ത്യക്കാര്‍ ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് കട്ജുവന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പിന്നീട് കേരളീയരുടെ പ്രത്യേകതകള്‍ അക്കമിട്ട് നിരത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. താന്‍ കശ്മീരിയായതുകൊണ്ട് കശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹം. പൂര്‍വികര്‍ മധ്യപ്രദേശില്‍ നിന്ന് കുടിയേറിയവരായതുകൊണ്ട് അവരെയും യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കും. പക്ഷേ, അതെല്ലാം വെറും വൈകാരിക വിലയിരുത്തലുകള്‍ മാത്രമാണ്. വിശാലമായി പറഞ്ഞാല്‍ യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെ മാത്രമാണ്- കട്ജു പറയുന്നു.
ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. ഒട്ടേറെ മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, പ്രാദേശിക വിഭാഗങ്ങള്‍ അങ്ങനെ നാനാത്വത്തിന്റെ ബഹുരൂപമാണ് ഇന്ത്യ. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനത്തിന്റെയും പൂര്‍വികര്‍ വിദേശികളാണ്. യഥാര്‍ഥത്തില്‍ ഇവിടുത്തകാര്‍ എന്ന് പറയാവുന്നത് പട്ടികവര്‍ഗത്തില്‍പ്പെടുന്ന ചില വിഭാഗക്കാര്‍ മാത്രമാണ്. അതുകൊണ്ട് മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കില്‍ എല്ലാ വിഭാഗക്കാരെയും ബഹുമാനിക്കാന്‍ ശീലിക്കണം. എന്റെ അഭിപ്രായത്തില്‍ ഇത് കൃത്യമായി പുലര്‍ത്തുന്നതില്‍ ഏറ്റവും മികച്ചത് മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് പറയേണ്ടിവരും. മലയാളികളെ കണ്ടുപഠിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിണമെന്ന് കട്ജു അഭിപ്രായപ്പെടുന്നു.
മലയാളികള്‍ വലിയ സഞ്ചാരികളാണ്. ഭൂഗോളത്തിന്റെ ഏത് കോണിലും മലയാളിയെ കാണാനാകും. നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനില്‍ കാല്‍ കുത്തിയപ്പോള്‍ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ചായ വേണോ എന്ന് ചോദിച്ചതായി ഒരു തമാശതന്നെയുണ്ട്. മധ്യപൂര്‍വദേശത്ത് മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. മലയാളികളായ ചില മുസ്‌ലിംകള്‍ കഴിഞ്ഞ വര്‍ഷം ഖത്തറിലേക്ക് തന്നെ ക്ഷണിക്കുകയുണ്ടായി. അവിടെ എത്തിയപ്പോള്‍ പ്രദേശവാസികളെക്കാള്‍ കൂടുതല്‍ മലയാളികള്‍ അവിടെയുണ്ടെന്ന് മനസ്സിലായി. ദുബൈയിലും നിരവധി മലയാളികളെ കണ്ടു. ബഹ്‌റൈനില്‍ ആ നാട്ടുകാരെക്കാള്‍ കൂടുതല്‍ മലയാളികളാണെന്നും കട്ജു പറഞ്ഞു.
കേരളത്തിലുണ്ടായ സാംസ്‌കാരിക നവോഥാനത്തെയും ശ്രീനാരായണ ഗുരുവിനെയും പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്, മലായളികള്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിച്ചാണ് സുപ്രീം കോടതി മുന്‍ ജഡ്ജി കൂടിയായ കട്ജു അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….