ദമ്മാമില്‍ മാസങ്ങളോളം ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായ ആയിരത്തോളം തൊഴിലാളികളെ നവയുഗം നേതാക്കള്‍ സന്ദര്‍ശിച്ചു

Posted on: August 8, 2016 9:02 pm | Last updated: August 8, 2016 at 9:02 pm
SHARE

navayugamദമ്മാം: സാമ്പത്തികപ്രതിസന്ധിയിലായ സഊദി ഓജര്‍ കമ്പനിയിലെ ദമ്മാമിലെ രണ്ടു ലേബര്‍ ക്യാമ്പുകള്‍ നവയുഗം സാംസ്‌കാരികവേദി നേതാക്കളും ജീവകാരുണ്യപ്രവര്‍ത്തകരും സന്ദര്‍ശിച്ചു. നവയുഗം രക്ഷാധികാരി ഉണ്ണി പൂചെടിയല്‍, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.അജിത്ത്, ജെനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, നിയമസഹായവേദി കണ്‍വീനര്‍ ഷാന്‍ പേഴുംമൂട്, നവയുഗം നേതാക്കളായ ബിജു നല്ലില, താജുദ്ദീന്‍ കെ.എസ്, പ്രസന്നന്‍, നഹാസ്, അഷറഫ് തലശ്ശേരി എന്നിവരാണ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ അവസ്ഥ മനസ്സിലാക്കിയത്.
മൂന്നു മാസം മുതല്‍ ഏഴു മാസം വരെ ശമ്പളം ലഭിയ്ക്കാത്ത ആയിരത്തോളം തൊഴിലാളികള്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അവരില്‍ നാന്നൂറോളം ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. ഭൂരിപക്ഷംപേര്‍ക്കും ഇക്കാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പുതുക്കി നല്‍കിയിട്ടില്ല. അതുമൂലം മെഡിക്കല്‍ ഇന്ഷുറന്‌സ് ഇല്ലാതായതിനാല്‍, ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മരുന്നോ ചികിത്സയോ കിട്ടാതെ അസുഖം മൂലം വലയുന്ന ധാരാളം തൊഴിലാളികള്‍ ക്യാമ്പില്‍ ഉണ്ട്. കമ്പനി മെസ്സ് ഉള്ളതിനാല്‍ ഭക്ഷണത്തിന് മാത്രം തത്കാലം ബുദ്ധിമുട്ട് ഇല്ല. എന്നാല്‍ ശമ്പളം കിട്ടാത്തതിനാല്‍ ഇവരുടെ വീടുകളിലെ അവസ്ഥയും ദയനീയമാണ്.

തൊഴിലാളികളുടെ വിവരങ്ങള്‍ എഴുതിയെടുത്ത നവയുഗം നേതാക്കള്‍, വിശദമായ റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസ്സിയ്ക്ക് കൈമാറിയിട്ടുണ്ട്. മരുന്ന് ആവശ്യമുള്ളവര്‍ക്ക് അവ എത്തിച്ചു കൊടുക്കാനുള്ള താത്കാലിക സംവിധാനങ്ങളും നവയുഗം ഒരുക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നവയുഗം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here