Connect with us

Palakkad

ജനവാസ മേഖലകളില്‍ നിന്ന് വന്യമൃഗങ്ങളെ തുരത്താനുളള നടപടികളെടുക്കും: വനം മന്ത്രി

Published

|

Last Updated

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളെ നാട്ടില്‍ നിന്നും തുരത്താനുളള നടപടികള്‍ ശക്തിപ്പെടുത്തുമെന്നും വനം – വന്യ ജീവി മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്ദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മണ്ണാര്‍ക്കാട് മേഖലയിലെ ആനമൂളി, തത്തേങ്ങലം, മെഴുകുംപാറ, പൂഞ്ചോല, ഇരുമ്പകച്ചോല, അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങള്‍, എടത്തനാട്ടുകരയിലെ വന്യമൃഗ ശല്യമുളള മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം സോളാര്‍ ഫെന്‍സിങ് നടത്തുമെന്നും, ആദ്യഘട്ടമായി 14 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ആനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് മുന്നറിയിപ്പ് നല്‍കുന്ന എസ്എം എസ് സംവിധാനം നടപ്പാക്കുമെന്നും, വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ജനകീയ സമിതി രൂപീകരിക്കുമെന്നും, വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാനകളെ തുരത്താന്‍ ആര്‍ ആര്‍ ടിയെ ആധുനിക വല്‍ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണാര്‍ക്കാട് ഡി എഫ് ഒ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ വന്യമൃഗശല്യത്തില്‍ ജീവഹാനി സംഭവിച്ചവര്‍ക്കും, സാമ്പത്തിക നഷ്ടമുണ്ടായവര്‍ക്കുമുളള ധനസഹായം വിതരണം ചെയ്തു. കാട്ടാനയുടെ ആക്രമത്തില്‍ മരണപ്പെട്ട ആനമൂളിയിലെ ശോഭനയുടെ കുടുംബത്തിന് 5ലക്ഷം, അട്ടപ്പാടി ചാവടിയൂരിലെ തങ്കമ്മയുടെ കുടുംബത്തിന് 2,35,014 രൂപയും, അട്ടപ്പാടിയിലെ മാരിമുത്തുവിന്റെ കുടുംബത്തിന് 5ലക്ഷവും, സാമ്പത്തിക നഷ്ടം സംഭവിച്ച അഞ്ച് പേര്‍ക്ക് 1,58,000 രൂപയും വിതരണം ചെയ്തു.
എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ വി വിജയദാസ് എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റുമാരായ കെ പി മൊയ്തു, ഈശ്വരിരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസൈന്‍ കോളശ്ശേരി, വി കെ ഷംസുദ്ദീന്‍, മുഹമ്മദ് ഇല്ല്യാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എം ജിനേഷ് സീമ കൊങ്ങശ്ശേരി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി എ സലാം മാസ്റ്റര്‍, ജോസ് ബേബി, വി വി ഷൗക്കത്തലി, എം ഉണ്ണീന്‍, പി ശിവദാസന്‍, ശ്രീനിവാസന്‍, പൊറ്റശ്ശേരി മണികണ്ഠന്‍, കെ. രാജന്‍, കെ.ടി തോമസ്, മോഹന്‍ ഐസക്ക്, പാലക്കാട് സി സി എഫ് പ്രമോദ്കുമാര്‍, മണ്ണാര്‍ക്കാട് ഡി എഫ് ഒ വി പി ജയപ്രകാശ്, സൈലന്റ്‌വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്പ വി കുമാര്‍ ഐ എഫ് എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest