Connect with us

Gulf

ഉദ്വേഗത്തിന്റെ മണിക്കൂറുകള്‍; അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

Published

|

Last Updated

ദുബൈ: തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍ പെട്ടതിന് ശേഷം മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട ഏതാനും വിമാനത്തിലെ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളമാണ് വിമാനത്തില്‍ കഴിച്ചുകൂടേണ്ടിവന്നത്.

സംഭവം നടന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ 11ഓളം എമിറേറ്റ്‌സ് വിമാനങ്ങളാണ് മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്‍ഡിംഗിനു ശേഷം മണിക്കൂറുകളോളം എയര്‍പോര്‍ട്ടിന്റെ വിവിധ പാര്‍കിംഗ് ബേകളില്‍ യാത്രക്കാരെ പുറത്തിറക്കാതെ നിര്‍ത്തിയിട്ടത്. ഇതില്‍ കൊച്ചിയില്‍ നിന്നും രാവിലെ 10.30ന് പുറപ്പെട്ട് ദുബൈയില്‍ 12.55ഓടെ എത്തിച്ചേര്‍ന്ന ഇ കെ 531 വിമാനവും ഉള്‍പെടും. എന്നാല്‍ ഒരുമണിയോടെ ലാന്‍ഡ് ചെയ്ത വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.

കൊട്ടാരക്കര സ്വദേശിയും ദുബൈ ബിസിനസ് ബേയില്‍ സ്വകാര്യ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതും കൊച്ചി വിമാനത്തിലെ യാത്രക്കാരനുമായ സഞ്ചേഷ് സിറാജിനോട് പറഞ്ഞു. ഏതാനും ദിവസം മുമ്പ് നാട്ടില്‍ പോയ സഞ്ചേഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടതും അപകടത്തില്‍ പെട്ടതുമായ എമിറേറ്റ്‌സ് വിമാനത്തില്‍ സീറ്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ടിക്കറ്റെടുത്തത്. സ്ഥിരമായി ഇദ്ദേഹം തിരുവനന്തപുരം വിമാനത്താവളമാണ് യാത്രക്കുപയോഗിക്കാറുള്ളത്.

ആദ്യം എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ദുബൈ എയര്‍പോര്‍ട്ടിലുണ്ടായ ഓപ്പറേഷണല്‍ ആക്‌സിഡന്റ്മൂലം വിമാനം മക്തൂം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുകയാണെന്ന് അറിയിപ്പ് വന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം വിമാനം മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു.
പിന്നീട് ഇത്തരത്തില്‍ 13ഓളം എമിറേറ്റ്‌സ് വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തില്‍ ഇറക്കിയിട്ടുണ്ടെന്നും യാത്രക്കാര്‍ ക്ഷമ പാലിക്കണമെന്നും അറിയിപ്പ് ലഭിച്ചു. എന്നാല്‍ എപ്പോള്‍ വിമാനം തിരികെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തുമെന്നോ, വിമാനത്തിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയുമെന്നോ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയില്‍ ബര്‍മിംഗ്ഹാം, ലണ്ടന്‍, ജിദ്ദ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട മലയാളികളായ യാത്രക്കാരും സഞ്ചേഷിനൊപ്പമുണ്ടായിരുന്നു. ജിദ്ദയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി പ്രിയ ഫിലിപ്പും കൂട്ടത്തിലുണ്ടായിരുന്നു.

പ്രിയക്ക് നാളെ ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ട്. എന്നാല്‍ അനിശ്ചിതത്വത്തിനൊടുവില്‍ വൈകീട്ട് 6.10ഓടെ ദുബൈയില്‍ യാത്ര അവസാനിക്കുന്ന യാത്രക്കാരെ വിമാനത്തിന് വെളിയിലിറക്കി ലഗേജ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യേകം ഏര്‍പെടുത്തിയ കൗണ്ടറുകളില്‍ ലഭ്യമാക്കുമെന്നും യാത്രക്കാരുടെ താമസയിടങ്ങളിലേക്കുള്ള ടാക്‌സി ഫെയര്‍ അടുത്ത ദിവസം ടെര്‍മിനല്‍ മൂന്നിലെ കൗണ്ടറില്‍ ടാക്‌സി ബില്ലുകള്‍ സമര്‍പ്പിക്കുന്നതനുസരിച്ച് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചതായി സഞ്ചേഷ് കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളിലേക്കുള്ള മറ്റു യാത്രക്കാരെ ഏറെ വൈകി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച് തുട ര്‍യാത്രക്കുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയതായി അറിയാന്‍ കഴിഞ്ഞുവെ ന്നും സഞ്ചേഷ് പറഞ്ഞു.

Latest