ഇനി വിരലമര്‍ത്തി പണമെടുക്കാം

Posted on: August 3, 2016 6:43 pm | Last updated: August 3, 2016 at 7:03 pm

atm-attack-showcase_image-10-p-1884ദോഹ: ബേങ്ക് കാര്‍ഡോ പിന്‍ നമ്പറോ ഇല്ലാതെ വിരലടയാളം ഉപയോഗിച്ച് എ ടി എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാവുന്ന സംവിധാനം ഖത്വറില്‍ വരുന്നു. ഖത്വര്‍ കൊമേഴ്‌സ്യല്‍ ബേങ്കിനാണ് ബേങ്കിംഗ് മേഖലയിലെ നൂതന ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഈ രീതി നിലവില്‍ വരുന്നത്.
ഫിംഗര്‍ വെയ്ന്‍ പാറ്റേണ്‍ റക്കഗ്‌നൈസേഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കോര്‍പേറേറ്റ്, വി ഐ പി ഉപഭോക്താക്കള്‍ക്ക് വിരലടയാളം ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ബേങ്കിംഗ് സേവനവും നല്‍കും. ഫിംഗര്‍ വെയ്ന്‍ സ്‌കാനാര്‍ ഉപയോഗിച്ചാണ് ഇതു സാധ്യമാകുക. ഈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമായി നല്‍കുമെന്ന് ബേങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
വിരലുകളിലെ സൂക്ഷ്മ രേഖകള്‍ പകര്‍ത്തി സുരക്ഷ ഉറപ്പു വരുത്തിയ സാങ്കേതിക സംവിധാനമാണിത്. ഒരിക്കല്‍ നല്‍കിയ ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ല ഇത്. ലൈവ് ആയി വിരലയാളം നല്‍കുകയും തുടര്‍ച്ചയായി ആധികാരികത ഉറപ്പു വരുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നതാണ് സിസ്റ്റം. ബേങ്ക് കാര്‍ഡുകള്‍ പിന്‍ നമ്പര്‍ ലഭിച്ചാല്‍ ആര്‍ക്കും ഉപയോഗിക്കാമെങ്കില്‍ ഈ സംവിധാനം അക്കൗണ്ട് ഉടമക്കു മാത്രമേ ഉപോയിഗിക്കാനാകൂ. അതുകൊണ്ടു തന്നെ തട്ടിപ്പുകള്‍ക്കുള്ള സാധ്യത തീരേ വിരളമാണ്. വ്യാജമായി നിര്‍മിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയുമില്ല. ഇന്റര്‍നെറ്റ് ബേങ്കിനു വേണ്ടി ഫിംഗര്‍ സ്‌കാനിംഗ് ഉപയോഗിക്കുമ്പോഴും ടു വേ ഓതന്റിക്കേഷന്‍ കീ ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നു.
ഇന്നലെ ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ബേങ്കിംഗ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ഹാദി അഹിന്‍ പങ്കെടുത്ത ചടങ്ങില്‍ ബയോമെട്രിക് എ ടി എം സംവിധാനം പ്രദര്‍ശിപ്പിച്ചു. വൈകാതെ തന്നെ രാജ്യത്ത് സംവിധാനം ലഭ്യമാക്കുമെന്ന് ബേങ്ക് പ്രതിനിധികള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക തട്ടിപ്പുകളെ നേരിടുന്നതിന് മുഖ്യമായ ഉപാധിയാണ് ബയോമെട്രിക് സെക്യൂരിറ്റി ഫീച്ചേഴ്‌സ് എന്ന് കൊമേഴ്‌സ്യല്‍ ബേങ്ക് സി ഇ ഒ ജോസഫ് അബ്രഹാം പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയും മികച്ച ബേങ്കിംഗ് അനുഭവവുമാണ് ബേങ്ക് വിട്ടുവീഴ്ചയില്ലാതെ ഉറപ്പു വരുത്തുന്നത്. ഒരു നൂതന സാങ്കേതികവിദ്യ എന്ന രീതിയില്‍ മാത്രമല്ല ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മാര്‍ഗംകൂടിയാണ്. മേഖലയില്‍ ആദ്യമായി ഈ സംവിധാനം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മികച്ച സാങ്കേതിക വിദ്യകള്‍ ബേങ്കിംഗ് രംഗത്ത് ഇനിയും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയോടൊപ്പം നടപടികള്‍ എളുപ്പമാക്കുന്നുവെന്ന സവിശേഷതയുമുണ്ട്. എ ടി എം കൗണ്ടറുകളില്‍ നിന്നും പിന്‍ നമ്പര്‍ ചോര്‍ന്നു പോകാതിരിക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളൊന്നും ഇനി ആവശ്യമായി വരില്ല. കാര്‍ഡ് നഷ്ടപ്പെടുന്നതു വഴി ഉണ്ടാകുന്ന പ്രയാസങ്ങളും ഒഴിവാകും. വിരലടയാളം ഉപയോഗിച്ച് എ ടി എം, ഇന്റര്‍നെറ്റ് ബേങ്കിംഗ് സംവിധാനങ്ങള്‍ക്കു പുറമേ ഷോപിംഗ് ഉള്‍പ്പെടെ മറ്റു പേയ്‌മെന്റുകളും വൈകാതെ പ്രചാരത്തിലാകുന്നതിന് സൂചന നല്‍കിക്കൊണ്ടാണ് കൊമേഴ്‌സ്യല്‍ ബേങ്ക് രംഗത്തു വരുന്നത്.
ഇനി വിരലമര്‍ത്തി പണമെടുക്കാം