നര്‍സിംഗ് യാദവിന് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി

Posted on: August 1, 2016 7:42 pm | Last updated: August 2, 2016 at 9:47 am

Narsingh-Yadavന്യൂഡല്‍ഹി: ഉത്തേജക മരുന്ന് വിവാദത്തില്‍ പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ സിമിതി (നാഡ) അനുമതി നല്‍കി. 74 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിരിക്കെയായിരുന്നു യാദവ് മരുന്നടിച്ചതായി തെളിഞ്ഞത്. തുടര്‍ന്ന് യാദവിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും പകരം പ്രവീണ്‍ റാണയെ റിയോയിലേക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി ബോധപൂര്‍വം കുടുക്കിയതാണെന്ന നര്‍സിംഗ് യാദവിന്റെ വാദം മുഖവിലയ്ക്ക് എടുത്താണ് അദ്ദേഹത്തിന് റിയോയിലേക്ക് പോകാന്‍ നാഡ അനുമതി നല്‍കിയത്. നാഡ അധ്യക്ഷന്‍ നവീന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. അട്ടിമറിയുടെ ഇരയാണ് യാദവെന്ന് നാഡ വിലയിരുത്തി. തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരു കായിക താരത്തിന്റെ ഒളിന്പിക്‌സ് സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നത് ശരിയായ നടപടി അല്ലെന്നും നാഡ വ്യക്തമാക്കി.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് നര്‍സിംഗ്. ഏഷ്യന്‍ ഫ്രീ സ്‌റ്റൈല്‍ മെഡല്‍ ജേതാവാണ് നര്‍സിംഗ്. ആറ് ആഴ്ച വരെ ശരീരത്തില്‍ സാന്നിധ്യം അറിയിക്കുന്ന ഉത്തേജക മരുന്നാണ് നേരത്തെ നടത്തിയ ഡോപ്പിംഗ് ടെസ്റ്റില്‍ നര്‍സിംഗ് യാദവിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ജൂണ്‍ 25ന് ആയിരുന്നു ഡോപ്പിംഗ് ടെസ്റ്റ്. ഓഗസ്റ്റ് 17ന് ആണ് നര്‍സിംഗ് യാദവിന്റെ മത്സരം. അന്ന് ഉത്തേജക മരുന്നിന്റെ സാന്നിധ്യം പൂര്‍ണമായി ഒഴിവാകുമെന്നാണ് നാഡയുടെ പ്രതീക്ഷ.

ദേശീയ ഗുസ്തി താരത്തിന്റെ ഇളയ സഹോദരനാണ് യാദവിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോനാപതിലെ സായി കേന്ദ്രത്തില്‍ കടന്നു കയറിയാണ് ഇയാള്‍, യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നര്‍സിംഗ് യാദവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.