തുര്‍ക്കിയില്‍ 1400 സൈനികരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

Posted on: August 1, 2016 11:11 am | Last updated: August 1, 2016 at 11:11 am
SHARE

urdukhanഅങ്കാറ: തുര്‍ക്കിയില്‍ 1389 സൈനിക ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടലെന്ന് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് 1389 സൈനികരെ പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് വരുന്നത്. ട്രെയിനിംഗ് അക്കാദമികള്‍ അടച്ചുപൂട്ടാനും തീരുമാനമായിട്ടുണ്ട്.

ഭരണഘടനാപരമായ പുതിയൊരു പദ്ധതി പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇത് വിജയിച്ചാല്‍ നാഷനല്‍ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും ചീഫ് ഓഫ് സ്റ്റാഫും പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളില്‍ വരുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. സൈനിക സ്‌കൂളുകളും അടച്ചുപൂട്ടും. പകരം ദേശീയ സൈനിക യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കര, വ്യോമ, നാവിക സൈനിക വിഭാഗങ്ങളുടെ തലവന്‍മാര്‍ പ്രതിരോധ മന്ത്രാലയത്തിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ഭാവിയില്‍ നടപ്പിലാക്കും. നിലവില്‍ മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും ഇത് ഇനിയും നീട്ടിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ സാധാരണ നിലയില്‍ മടങ്ങിവന്നില്ലെങ്കില്‍ ഫ്രാന്‍സ് ചെയ്തത് പോലെ അടിയന്തരാവസ്ഥ നീട്ടേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രഹസ്യാന്വേഷണ വിഭാഗത്തിന് പിഴവ് സംഭവിച്ചതായും ഇതില്‍ ഉര്‍ദുഗാന്‍ അസംതൃപ്തനാണെന്നുമാണ് വിവരം. അട്ടിമറി ശ്രമം നടന്ന രാത്രിയില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ഇതിന്റെ തലവന്‍ ഹകാന്‍ ഫിദാനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പര്യാപ്തമായിരുന്നില്ലെന്നും ഉര്‍ദുഗാന്‍ കരുതുന്നു.
അട്ടിമറി ശ്രമം നടന്നത് മുതല്‍ ഇതുവരെയായി 18,699 പേരെ ചോദ്യം ചെയ്യുന്നതിനായി തടവില്‍ വെക്കുകയും ഇവരില്‍ 10,137 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആയിരക്കണക്കിന് പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി മോചിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം 758 സൈനികരെ ഇസ്താംബൂള്‍ കോടതി വിട്ടയിച്ചിരുന്നു. ഇതിന് മുമ്പ്, 3500 പേരെയും വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here