Connect with us

Editorial

ജുഡീഷ്യല്‍ ആക്ടിവിസം

Published

|

Last Updated

മാധ്യമ പ്രവര്‍ത്തകരെ കോടിതിയില്‍ കയറ്റില്ലെന്ന അഭിഭാഷക സമൂഹത്തിന്റെ നിലപാട് തുടരുകയാണ്. ഹൈക്കോടതിയിലെ കൈയാങ്കളിയുടെ പിറകെ തിരുവന്തപുരം, കൊല്ലം കോടതികളിലും എറണാകുളം ജില്ലാ കോടതിയിലും മാധ്യമ പ്രവര്‍ത്തകരെ അവര്‍ ബലമായി തടയുകയുണ്ടായി. കൂടാതെ വാര്‍ത്താ ശേഖരണത്തിന് ജഡ്ജിമാരുടെ ചേംബറില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതിയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടത്തിട്ടുണ്ട്. ജഡ്ജിമാരുടെ ചേംബര്‍ ഓഫീസുകളില്‍ നിന്നായിരുന്നു ഹൈക്കോടിതിയിലെ പ്രധാന വിധികളും ന്യായാധിപന്മാരുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങളും ഉത്തരവുകളിലെ വിദശവിവരങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നത്. ചേംബറിലേക്കുള്ള പ്രവേശത്തിന് വിലക്കേപ്പെടുത്തിയതോടെ കോടതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗ് പ്രതിസന്ധിയിലാണ്.
കോടതികള്‍ പത്രപ്രവര്‍ത്തകര്‍ കൂടി അടങ്ങുന്ന പൊതുസമൂഹത്തിന്റെ സ്വത്താണ്. ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സ്ഥാപനങ്ങളിലെ വിധികളും പരമാമര്‍ശങ്ങളും അഭിഭാഷരും കക്ഷികളും മാത്രം അറിയേണ്ടതല്ല. അതറിയാന്‍ പൊതുസമൂഹതതിന് അവകാശമുണ്ട്. തുറന്ന കോടതിയിലെ സുതാര്യമായ നീതിനിര്‍വഹണമാണ് ജനാധിപത്യ ഭരണത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടത്. അതിന്റെ നിഷേധമാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവും തടയുന്ന അഭിഭാഷക നിലപാടും. മാധ്യമങ്ങളെ അകറ്റിനില്‍ത്തി രഹസ്യ സ്വഭാവത്തോടെ നടക്കുമ്പോള്‍ കോടതി നടപടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകും. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ മാധ്യമ ഉടമകളുടെയോ മാധ്യമ പ്രവര്‍ത്തരുടെയോ സ്വാതന്ത്ര്യമല്ലെന്നും അറിയാനുള്ള ജനങ്ങളുടെ അവകാശമാണെന്നും ന്യായാധിപ, അഭിഭാഷക സമൂഹത്തിന് അറിയാതിരക്കില്ലല്ലോ. ജനങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രയോജകര്‍. റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയുമാണ് അത് ബാധിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) വിഭാവനം ചെയ്യുന്ന ആവിഷ്‌കര സ്വാതന്ത്യമനുസരിച്ചാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്വാതന്ത്ര്യം കോടതിമുറിക്കകത്ത് നിഷേധിക്കുന്നത് ജുഡീഷ്യല്‍ ആകടിവിസമാണ്. ജനാധിപത്യത്തെ വിലമതിക്കുന്ന നാടുകളിലെല്ലാം തന്നെ മാധ്യമപ്രര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ പ്രവേശനം നല്‍കുന്നുണ്ട്.
ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിച്ചതിന്റെയും വര്‍ഗീയ ഫാസിസത്തിന്റെ ക്രൂരതകള്‍ പുറത്തു കൊണ്ടുവന്നതിന്റെയും പേരില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്റെ സദാചാര ലംഘനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് അഭിഭാഷകലോകം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. കുറ്റാരോപണം ആര്‍ക്കെതിരെയായാലും അത് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത് മാധ്യമ പ്രവര്‍ത്തകരുടെ കടമയാണ്. ഒരു പക്ഷേ കുറ്റാരോപിതന്‍ നിരപരാധിയായിരിക്കാം. എങ്കില്‍ നിയമത്തിന്റെ വഴിയിലൂടെ അത് തെളിയിക്കുകയാണ് വേണ്ടത്.
ദൗര്‍ഭാഗ്യകരകമെന്ന് പറയട്ടെ, മാധ്യമങ്ങള്‍ക്കെതിരായ അഭിഭാഷകരുടെ നിലപാടിനെതിരെ മാധ്യമ പക്ഷത്ത് നിലയുറപ്പിക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നാമ്പുറത്ത് കൂടെ അഭിഭാഷകരെ അനുകൂലിക്കുകയാണ്. പൊതുസമൂഹവും വേണ്ട പോലെ മാധ്യമങ്ങളെ പിന്തുണക്കുന്നതായി കാണ്ടില്ല. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായി വരുന്ന കോടതി വിധികളും ന്യായാധിപന്മാരില്‍ നിന്നുണ്ടാകുന്ന രൂക്ഷമായ പരാമര്‍ശങ്ങളും ജനങ്ങളറിയുന്നത് മാധ്യമങ്ങള്‍ വഴിയാണ്. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഇതൊന്നും പൊതുസമൂഹം അറിയില്ലല്ലോ എന്ന ആശ്വാസത്തിലായിരിക്കണം രാഷ്ട്രീയ വൃത്തങ്ങളില്‍ ചിലരെങ്കിലും. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ വരുന്ന നിയന്ത്രണങ്ങളും കൂച്ചുവിലങ്ങുകളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കും.
ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും എന്തുകൊണ്ട് പൊതുസമൂഹത്തില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല എന്നത് മാധ്യമ പ്രവര്‍ത്തകരും ആലോചിക്കേണ്ടതുണ്ട്. തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുകയും തമസ്‌കരിക്കുകയും ഊതിവീര്‍പ്പിക്കുകയുമൊക്കെ ചെയ്യുന്നുവെന്ന പരാതി അന്തരീക്ഷത്തിലുണ്ട്. ഇരകളും ബലിയാടുകളും ഉണ്ടാക്കുന്ന ഒന്നായി പത്രപ്രവര്‍ത്തനം മാറിക്കൂടാ. ഈ നിലയില്‍ സ്വയം വിമര്‍ശനത്തിനുള്ള അവസരമായി മാധ്യമ പ്രവര്‍ത്തകരും ഈ സന്ദര്‍ഭത്തെ കാണണം.
സമൂഹത്തിന്റെ ജീര്‍ണതകള്‍ക്കും അധികാരി വര്‍ഗത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ തിരുത്തല്‍ ശക്തികളാണ് മാധ്യമങ്ങളെന്ന വസ്തുത വിസ്മരിക്കരുത്. അവയെ നിയന്ത്രിക്കുമ്പോള്‍ ജീര്‍ണതകള്‍ ശക്തിയാര്‍ജിക്കുകയും ജനാധിപത്യത്തിന്റെ നിലനില്‍പിന് തന്നെ അത് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. അത്തരം നീക്കങ്ങളെ തടയേണ്ടത് ജനാധിപത്യ വിശ്വാസികളുടെയും സമൂഹത്തിന്റെയും ബാധ്യതയാണ്.