വിത്തും പച്ചക്കറിയും കാട്ടുതേനും നല്‍കാന്‍ അഗ്രോ ബസാറുകള്‍

Posted on: July 23, 2016 6:06 am | Last updated: July 23, 2016 at 12:07 am
SHARE

കണ്ണൂര്‍: പരമ്പരാഗത നാടന്‍ വിത്തിനങ്ങളും ജൈവ പച്ചക്കറിയും കാര്‍ഷികോപകരണങ്ങളും കാട്ടുതേനും ഉള്‍പ്പടെയുള്ള വിവിധമേഖലകളിലെ തനത് സാധന സാമഗ്രികള്‍ വിതരണംചെയ്യാന്‍ സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ അഗ്രോബസാറുകള്‍ വരുന്നു. കൃഷിവകുപ്പിന്റെ കീഴിലാണ് കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലായി അഗ്രോബസാറുകള്‍ തുടങ്ങുന്നത്.വലിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ മാതൃകയിലായിരിക്കും ഇവ തുടങ്ങുക.
ആദ്യഘട്ടം സംസ്ഥാനത്തിന്റെ മൂന്നു മേഖലകളെ പ്രതിനിധാനം ചെയ്താണ് ബസാറുകള്‍ തുടങ്ങുന്നത്.ഇതിനോടുള്ള ജനങ്ങളുടെ സമീപനം കണക്കാക്കി അടുത്ത വര്‍ഷം രണ്ടാം ഘട്ടമെന്ന നിലയില്‍ എല്ലാ ജില്ലകളിലേക്കും ബസാറുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.സര്‍ക്കാര്‍ ഫാമുകള്‍,കാര്‍ഷിക സര്‍വ്വകലാശാല,കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍,കാര്‍ഷികഉപകരണങ്ങള്‍,ജൈവവളങ്ങള്‍.ജൈവ കീടനാശിനികള്‍ തുടങ്ങിയവയെല്ലാം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന വിത്ത്ബാങ്കില്‍ സംഭരിക്കപ്പെടുന്ന പരമ്പരാഗത നെല്‍ വിത്തിനങ്ങളുള്‍പ്പടെയുള്ളവ ബസാറിലൂടെ നല്‍കും.
മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി 200ല്‍പരം നാടന്‍ വിത്തിനങ്ങളുടെ സൂക്ഷിപ്പും വിതരണവുമാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ നാളികേര ഉല്‍പ്പനങ്ങളും കുട്ടനാട് അരി, പൊക്കാളി അരി, കയ്പാട് അരിയുടെ ഉല്‍പ്പന്നങ്ങള്‍,കശുവണ്ടിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയും വില്‍പ്പന നടത്തും.ഇതിനെല്ലാമപ്പുറം വനവിഭവങ്ങളുടെ വില്‍പ്പനയും കാര്യമായി ലക്ഷ്യമിടുന്നുണ്ട്. വനവിഭവങ്ങള്‍ കുറയുന്നതും ചൂഷണവും ആദിവാസികളുടെ വരുമാനമാര്‍ഗം അവതാളത്തിലാക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഉള്‍ക്കാടുകളില്‍ നിന്നടക്കം ശേഖരിക്കുന്ന വനവിഭവങ്ങള്‍ അഗ്രോബസാറിലൂടെ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. ഉള്‍വനത്തിലെ കൊടുംതണുപ്പും വന്യമൃഗങ്ങളുടെ ആക്രമണവും അതിജീവിച്ചു ശേഖരിക്കുന്ന വനവിഭവങ്ങള്‍ക്ക് പലപ്പോഴും ശരിയായ വിപണിലഭിക്കാറില്ല.ഇങ്ങനെയുള്ള സാധനങ്ങളെല്ലാം വിതരണം ചെയ്യും.കാട്ടുതേന്‍,മുളയരി,കൂവ്വപ്പൊടി,കാട്ടുനാരങ്ങ,മറയൂര്‍ ശര്‍ക്കര,കുന്തിരിക്കം മുളയുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം ബസാറുകളിലൂടെ വിതരണം ചെയ്യും.