മറീന തീപിടുത്തം: നിരാലംബരായി 35 കുടുംബങ്ങള്‍

Posted on: July 22, 2016 5:58 pm | Last updated: July 22, 2016 at 5:58 pm
SHARE

carദുബൈ: മറീന മേഖലയില്‍ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ നിരാലംബരായി 35 കുടുംബങ്ങള്‍. മറീനയിലെ സുലാഫ ടവറിനെയാണ് ബുധനാഴ്ച അഗ്നി പുണര്‍ന്നത്. 288 മീറ്റര്‍ ഉയരമുള്ള സുലാഫയില്‍ 712 അപാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്.
ആഢംബര സൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവിതം നയിച്ചിരുന്ന ഇവിടുത്തെ താമസക്കാരില്‍ 35 കുടുംബങ്ങളാണ് ഇനി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമത്തലായിരിക്കുന്നത്. 725 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെ നിര്‍മിച്ച അത്യാധുനിക കെട്ടിടത്തിന്റെ 35ാം നിലയിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതിനോട് ചേര്‍ന്ന ടോര്‍ച്ച് ടവറിനും തീപിടിച്ചിരുന്നു.
തീപിടുത്തത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി കുറ്റാന്വേഷണ വിഭാഗം അസി.കമാന്‍ഡന്റ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി വെളിപ്പെടുത്തി.
ഉച്ചക്ക് 2.30ക്ക് ശേഷമാണ് സുലാഫ ടവറില്‍ തീപടര്‍ന്നത്. ഇതേ തുടര്‍ന്ന് സമീപത്തെ മീഡിയാ വണ്‍ ഹോട്ടല്‍, സിയാഹി ബീച്ച് റിസോര്‍ട്ട് ആന്റ് മറീന എന്നിവ താമസക്കാരെ താല്‍ക്കാലികമായി രാത്രി തങ്ങാന്‍ അനുവദിച്ചിരുന്നു. അഗ്നിബാധയില്‍ ദുരിതത്തിലായ 100 മുതല്‍ 130 വരെ ആളുകള്‍ക്ക് ഭക്ഷണവും പാനീയങ്ങളും ഉള്‍പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. നാപ്കിനുകള്‍ ഉള്‍പെടെയുള്ളവ എത്തിച്ചവയില്‍ ഉണ്ടായിരുന്നു. കെട്ടിട മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ടമാനി, ഗ്ലോറിയ തുടങ്ങിയ ഹോട്ടലുകളില്‍ ഒട്ടനവധി പേര്‍ക്ക് താമസം ശരിപ്പെടുത്തിയിരുന്നു. 75 നിലകളുള്ള താമസക്കെട്ടിടം വെസ്റ്റ്ഇന്‍, ഓഷിയാന ടവേഴ്‌സ് എന്നിവക്ക് എതിര്‍വശത്തായാണ് സ്ഥിതിചെയ്തിരുന്നത്. തീപിടുത്തത്തില്‍ ഗര്‍ഭിണി ഉള്‍പെടെ മൂന്നു പേര്‍ക്ക് നിസാര പരുക്കേറ്റതായി ദുബൈ പോലീസ് ഇന്നലെ വ്യക്തമാക്കി.
തീപിടുത്ത സമയത്ത് ഉണ്ടായ ശക്തമായ കാറ്റാണ് കെട്ടിടത്തിന് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കാന്‍ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നികമനം. ഒരു ഡസനോളം ഫയര്‍ എഞ്ചിനുകളും 50 ഓളം അഗ്നിശമന സേനാംഗങ്ങളുമായിരുന്നു തീ അണക്കുന്ന പ്രക്രിയക്ക് നേതത്വം നല്‍കിയത്. ഇന്നലെ കുറെ കുടുംബങ്ങള്‍ താമസിക്കാന്‍ സാധിക്കുമോയെന്നറിയാനായി ടവറിനടുത്തേക്ക് എത്തിയിരുന്നു. താല്‍ക്കാലിക താമസം ഏര്‍പെടുത്തിയവര്‍ക്ക് അവശ്യമായ വസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കെട്ടിടത്തിലെ പരിശോധനകള്‍ അവസാനിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമേ താമസക്കാരെ തിരികെ പ്രവേശിപ്പിക്കൂവെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കി.