Connect with us

International

സാമ്പത്തിക തിരിമറി: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ രാജിക്ക് സമ്മര്‍ദമേറി

Published

|

Last Updated

നജീബ് റസാഖ്‌

ക്വലാലംപൂര്‍: അനധികൃത സ്വത്ത് കേസില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. മലേഷ്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള ഐ എം ഡി ബിയുടെ നിക്ഷേപക ഫണ്ടില്‍ നിന്നും ആഡംബര കെട്ടിടങ്ങളും കലാവസ്തുക്കളും ബിസിനസ് ജെറ്റ് വിമാനവും വാങ്ങിക്കൂട്ടാന്‍ പണം അനധികൃതമായി കൈകാര്യം ചെയ്തുവെന്ന കേസിലാണ് റസാഖ് അന്വേഷണം നേരുന്നത്. യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധമായി കാലിഫോര്‍ണിയയിലെ കോടതിയില്‍ ഹരജി കഴിഞ്ഞ ദിവസം ഫയല്‍ ചെയ്തിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് സമ്പത്ത് തിരികെ കണ്ടെത്തണമെന്നും പണം തട്ടാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം നടത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിലകൂടിയ പെയിന്റിംഗുകളും അനധികൃത സ്വത്ത് വഴി ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ട്. 137 മില്യന്‍ ഡോളര്‍ മൂല്യമുള്ള കലാവസ്തുവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തെ സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തണമെന്ന് മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ് പറഞ്ഞു. ഇതിന് വേണ്ടി സമാധാനപരമായ റാലി നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. നജീബ് റസാഖ് പ്രധാനമന്ത്രി പദം രാജിവെക്കണമെന്നാവശ്യപ്പെട്ട് മലേഷ്യന്‍ പ്രതിപക്ഷ നേതാവും വാന്‍ അസീസ വാന്‍ ഇസ്മായില്‍ എന്നിവരും ആവശ്യപ്പെട്ടു. അനധികൃതമായി സ്വത്ത് കൈകാര്യം ചെയ്ത വിഷയത്തില്‍ ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
ഐ എം ഡി ബി കേസില്‍ നടക്കുന്ന ഏത് അന്വേഷണത്തിലും തന്റെ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്നാണ് നജീബ് റസാഖിന്റെ പ്രതികരണം. നടപടികള്‍ അവസാനിക്കുന്നത് വരെ ഇതുസംബന്ധിച്ച് മറ്റൊന്നും പറയാനില്ലെന്നും യാഥാര്‍ഥ്യം എന്താണെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.