Connect with us

National

തുര്‍ക്കിയില്‍ നിന്ന് ഇന്ത്യന്‍ കായികസംഘം മടങ്ങിയെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ലോക സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക സംഘം മടങ്ങിയെത്തി. 44 അംഗ സംഘത്തില്‍ 13 മലയാളികളുണ്ട്. ഇന്നു തന്നെ ടീം മാനേജര്‍ ചാക്കോ ജോസഫിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും ഡല്‍ഹിയിലെത്തിച്ചേരും.

സൈനിക അട്ടിമറി ശ്രമം ചാമ്പ്യന്‍ഷിപ്പിനെയോ കായിക താരങ്ങളെയോ ബാധിച്ചില്ലെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി 148 കായിക താരങ്ങളും 38 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 186 അംഗ സംഘമാണ് ജൂലൈ 11ന് തുര്‍ക്കിയിലെ ട്രാബ്‌സണിലെത്തിയത് .ജൂലൈ 18നാണ് സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചത്. ഇതിനിടെയാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറി ശ്രമം നടന്നത്.

പ്രതിസന്ധിയിലായിരുന്നു കാര്യങ്ങളെങ്കിലും വീട്ടുകാരും അദ്ധ്യാപകരുമായി ബന്ധപ്പെടാന്‍ കഴിയുന്നു എന്നത് ഏറെ ആശ്വാസം പകര്‍ന്നതായി ഇവര്‍ പറഞ്ഞു. വടക്കി കിഴക്കന്‍ ഗ്രാമമായ ട്രാബ്‌സണിലായിരുന്നു കായികമേള. മീറ്റ് നടന്നു കൊണ്ടിരിക്കെയാണ് അട്ടിമറി ശ്രമം നടന്നതെങ്കിലും മേളയെ അത് കാര്യമായി ബാധിച്ചിരുന്നില്ല.

അതേസമയം കായികമേള കഴിയുന്നത് വരെ ആരും പുറത്ത് പോകരുതെന്ന് അധികൃതര്‍ കായികതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യന്‍താരങ്ങള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.