ദേശീയ ആഘോഷം നിമിഷങ്ങള്‍ക്കകം നിലവിളിയിലേക്ക് വഴിമാറി

Posted on: July 16, 2016 6:00 am | Last updated: July 15, 2016 at 11:53 pm
SHARE

പാരീസ്: ഫ്രാന്‍സിന്റെ തീരനഗരമായ നീസില്‍ നടന്ന ബാസ്റ്റില്ലെ ദേശീയ ആഘോഷം നിമിഷ നേരം കൊണ്ടാണ് നിലവിളിയിലേക്ക് വഴിമാറിയത്. ഭീമന്‍ ട്രക്ക് കാഴ്ചക്കാര്‍ക്കിടയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് എവിടെയും നിലവിളിയും ആര്‍ത്താനാദങ്ങളും ഉയര്‍ന്നു. ആഘോഷത്തില്‍ പങ്കെടുത്തരുടെ മനസ്സ് മുഴുവന്‍ പേടിപ്പെടുത്തുന്ന ഓര്‍മകളാണ്. ട്രക്ക് ജനക്കൂട്ടത്തിന് ഇടിച്ചുകയറിയതോടെ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം സ്തബ്ധരായി. മരിച്ചുകിടക്കുന്നവരെ കൊണ്ടും ഗുരുതരമായ പരുക്കുപറ്റിയവരെ കൊണ്ടും അപകട സ്ഥലം നിറഞ്ഞു. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടിയിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി അറിയപ്പെടുന്ന നഗരമാണ് നീസ്. ട്രക്കിന്റെ ഡ്രൈവറായിരുന്ന അക്രമി നിരവധി തവണ കൈത്തോക്കുപയോഗിച്ച് വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. അവസാനം പോലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ട്രക്കുമായി മുന്നോട്ടുപോകുന്ന ഡ്രൈവറോട് ചുറ്റുമുള്ള ആളുകള്‍ വാഹനം നിര്‍ത്താന്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് ജനങ്ങള്‍ക്കിടയിലൂടെ ഓടിച്ചുപോകുകയായിരുന്നു. 364F140C00000578-3691019-image-m-153_1468591582961
അപകടം നടക്കുന്ന സമയത്ത് ബീച്ചില്‍ ആയിരക്കണക്കിനാളുകളാണ് ദേശീയ ആഘോഷങ്ങളുടെ ഭാഗമായി തടിച്ചുകൂടിയിരുന്നത്. അപകടം നടന്നതിന് ശേഷം പ്രദേശത്താകെ കൂട്ടനിലവിളിയും പോലീസ് വാഹനങ്ങളുടെ സൈറണും മുഴങ്ങി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കാന്‍ നിരവധി ആംബൂലന്‍സുകളും സുരക്ഷാ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും ചെയ്തു. ട്രക്ക് വരുന്നത് കണ്ട് നിരവധി പേര്‍ ഒഴിഞ്ഞുമാറിയിരുന്നു. അല്ലായിരുന്നെങ്കില്‍ മരണസംഖ്യ കൂടുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലരും ആദ്യം ധരിച്ചത് കാറപകടമോ മറ്റോ ആണെന്നാണ്. പക്ഷേ പിന്നീടാണ് മനപൂര്‍വം ട്രക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാത്തതിനാല്‍ ആളുകള്‍ ഇവിടെയുള്ള ഹോട്ടലുകളിലും അപാര്‍ട്ടമെന്റുകളിലും ബിസിനസ് സ്ഥാപനങ്ങളിലും കയറി അഭയം തേടി.