Connect with us

Sports

യോഷിദ : ജയിക്കാനായി ജനിച്ചവള്‍

Published

|

Last Updated

സുറി യോഷിദ – വനിതകളുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്റെ വിശ്വോത്തര താരം. 53 കി.ഗ്രാം വിഭാഗത്തില്‍ മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനായ യോഷിദ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തുന്നത് ചരിത്രപരമായ ദൗത്യവുമായാണ്. ജപ്പാന്റെ ഒളിമ്പിക് സംഘത്തിന്റെ ക്യാപ്റ്റന്‍ പദവി യോഷിദക്കാണ് ലഭിച്ചിരിക്കുന്നത്. സമ്മര്‍ ഒളിമ്പിക്‌സില്‍ ഇതിന് മുമ്പ് ജപ്പാനെ ഒരു വനിത നയിച്ചിട്ടില്ല. കരിയറില്‍ യോഷിദ കൈവരിച്ച അവിസ്മരണീയ നേട്ടങ്ങളെ ജപ്പാന്‍ ഒളിമ്പിക് സമിതി ആദരിക്കുകയായിരുന്നു ഇത്തരമൊരു ബഹുമതി നല്‍കിക്കൊണ്ട്.
1998 ല്‍ മത്സരരംഗത്തെത്തിയ യോഷിദ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം വെന്നിക്കൊടി പാറിച്ചു. മൂന്ന് ഒളിമ്പിക് ഗെയിംസ്, നാല് ഏഷ്യന്‍ ഗെയിംസ്, പതിമൂന്ന് ലോകചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയിലെല്ലാം ജാപനീസ് താരത്തിന് എതിരില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം യോഷിദ തുടര്‍ച്ചയായ പതിമൂന്നാം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു.
കരിയറില്‍ പ്രധാനമായും രണ്ട് തവണയാണ് യോഷിദ പരാജയപ്പെട്ടത്. 2008 ജനുവരിയില്‍ ടീം ലോകകപ്പ് പരമ്പരയില്‍ മാര്‍സി വാന്‍ ഡ്യുസനോടും 2012 ലോകകപ്പില്‍ വലേറിയ സൊലോബയോടുമായിരുന്നു അത്.
2006 ഏഷ്യന്‍ ഗെയിംസിലും2012 ലണ്ടന്‍ ഒളിമ്പിക്‌സിലും ജാപനീസ് പതാകയേന്തിയ യോഷിദ 2007 ല്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. ജപ്പാന്റെ അത്‌ലറ്റ് ഓഫ് ദ ഇയര്‍ ആകുന്ന ആദ്യ വനിതാ ഗുസ്തി താരം എന്ന റെക്കോര്‍ഡ്. 2012 ഒളിമ്പിക്‌സിന് ശേഷം ജപ്പാന്റെ ജനകീയ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ജപ്പാന്റെ മുന്‍ ഗുസ്തി ചാമ്പ്യനും കോച്ചുമായ എകാസു യോഷിദയുടെ മകളാണ് സുറി. മൂന്നാം വയസില്‍ പിതാവിന് ശിഷ്യപ്പെട്ട സുറി തന്റെ മുതിര്‍ന്ന സഹോദരങ്ങള്‍ക്കൊപ്പം എല്ലാ ദിവസവും പരിശീലനത്തിലേര്‍പ്പെട്ടു. ബാല്യകാലത്തുള്ള ചിട്ടയായ പരിശീലന മുറകളാണ് സുറി യോഷിദയെ ലോകമറിയുന്ന ഗുസ്തി താരമാക്കി മാറ്റിയത്.
ജാപനീസ് വിപണിയില്‍ ഏറെ താരമൂല്യമുള്ള വ്യക്തികൂടിയാണിന്ന് സുറി. രണ്ട് വര്‍ഷം മുമ്പ് ജാപനീസ് സീരിയലില്‍ അതിഥി വേഷത്തിലെത്തിയ സുറി ഗുസ്തിയില്‍ നിന്ന് വിരമിച്ചാല്‍ അഭിനയ രംഗത്തേക്ക് വരുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
2013 ല്‍ ഗുസ്തിയെ ഒളിമ്പിക്‌സില്‍ നിന്ന് ഒഴിവാക്കുകയാണെന്ന തീരുമാനം ലോക ഗുസ്തി രംഗത്തിന് ഞെട്ടലായിരുന്നു. അന്ന് ജപ്പാന്റെ ഒളിമ്പിക് സംഘത്തിനൊപ്പം ചേര്‍ന്ന് ഗുസ്തിയെ ഒളിമ്പിക്‌സിലേക്ക് തിരികെ കൊണ്ടു വരാന്‍ യോഷിദ അഹോരാത്രം പ്രയത്‌നിച്ചു. ഒടുവില്‍ 2020 ഒളിമ്പിക്‌സിലും ഗുസ്തി ഒരിനമായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി പ്രഖ്യാപിച്ചു. ഒരു കണക്കിന് ഇതിന് വേണ്ടി പ്രയത്‌നിച്ച ജാപനീസ് സംഘത്തിന്റെ കൂടി വിജയമായിരുന്നു ഇത്. യോഷിദ ആ സംഘത്തിലെ പ്രധാനിയും.

---- facebook comment plugin here -----

Latest