ധനമന്ത്രിയുടെ ആവനാഴിയില്‍ ഒമ്പതമ്പുകള്‍

മുന്നില്‍ വരുന്ന ഫയലില്‍ എന്തു തീരുമാനം എടുക്കണമെന്നറിയാത്ത ഉദ്യോഗസ്ഥര്‍ നികുതി വകുപ്പില്‍ ഇപ്പോഴുമുണ്ട്. നികുതി ചുമത്തുന്നതു സംബന്ധിച്ച് നികുതി ഉദ്യോഗസ്ഥര്‍ക്കു തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും അവര്‍ക്ക് കാലാനുസൃതമായ പരിശീലനവും സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം എന്ന പരിഹാരമാര്‍ഗം ഇതിനായി ബജറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്റേണല്‍ ഓഡിറ്റ് ശക്തിപ്പെടുത്തുന്നതിലുപരി റവന്യൂ റിക്കവറി വേഗത്തിലാക്കാനായി നിയമനടപടികള്‍ ഊര്‍ജിതപ്പെടുത്താനും ബജറ്റ് വിഭാവനം ചെയ്യുന്നു. സര്‍ക്കാറിന് ലഭിക്കാനുള്ള 12608 കോടി രൂപയില്‍ 8000 കോടിയോളം കോടതി വ്യവഹാരങ്ങളില്‍ പെട്ടതാണ്. വ്യവഹാരത്തിന് പുറത്ത് സര്‍ക്കാറിന് ലഭിക്കാനുള്ള തുകകളില്‍ ഏറെയും രാഷ്ട്രീയ ബന്ധമുള്ള ഇടപാടുകളായതിനാല്‍ ഈ തുക പിരിച്ചെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പിന്തുണയും ആവശ്യമാണ്.
സംസ്ഥാന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
Posted on: July 10, 2016 12:46 am | Last updated: July 10, 2016 at 12:50 am

cartoon thomas issac pathസംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ധനപ്രതിസന്ധിയെന്ന യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇക്കുറി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നിലവിലെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ബജറ്റിലൂടെ അദ്ദേഹം രണ്ട് മാര്‍ഗങ്ങളാണ് തേടുന്നത്. വിഭവ സമാഹരണം വര്‍ധിപ്പിക്കുക, ചെലവ് നിയന്ത്രിക്കുക എന്നിവയിലൂന്നിയുള്ള മാര്‍ഗങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ദുര്‍വ്യയത്തിന് കടുത്ത രീതിയില്‍ കടിഞ്ഞാണിടുകയും ചെലവ് നിരീക്ഷണ വിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍.
വിഭവ സമാഹരണത്തിനുള്ള ഊന്നല്‍ നല്‍കുന്നതിന് ഒമ്പതിന നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചിട്ടുള്ളത്. ഇതില്‍ നികുതി വരുമാനം 22 ശതമാനം മുതല്‍ 24 ശതമാനം വരെ വര്‍ധിപ്പിക്കുക എന്നതാണ് പ്രധാനം. അഴിമതി നിര്‍മാര്‍ജനം, കൂടൂതല്‍ വ്യാപാരികളെ നികുതി വലയത്തില്‍ കൊണ്ടു വരിക, യുക്തിസഹമായ നികുതി നിരക്ക്, സാങ്കേതിക നവീകരണം, ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം, ഇന്റേണല്‍ ഓഡിറ്റ് ശക്തിപ്പെടുത്തല്‍, നിയമനടപടികളുടെയും റവന്യൂ റിക്കവറിയുടെയും വേഗം വര്‍ധിപ്പിക്കല്‍, വ്യാപാരി സൗഹൃദ സമീപനം, ഉപഭോക്തൃ-വ്യാപാരി ബോധവത്കരണം എന്നീ നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
അഴിമതി നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കി സര്‍ക്കാറിന്റെ ഖജനാവിലേക്ക് എത്തേണ്ട നികുതി വരുമാനം പൂര്‍ണമായി സമാഹരിക്കുക എന്നതാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. കേരളത്തിലെ നൂറോളം ചെക്ക്‌പോസ്റ്റുകളില്‍ പ്രധാനപ്പെട്ടതും അഴിമതിയുടെ സാധ്യതകള്‍ നിറഞ്ഞു നില്‍ക്കുന്നതുമായ 20 ചെക്ക് പോസ്റ്റുകളെങ്കിലുമുണ്ട്. വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം, കുമളി, ആര്യന്‍കാവ്, അമരവിള തുടങ്ങി സംസ്ഥാനത്തെ പ്രധാന ചെക്‌പോസ്റ്റുകള്‍ അഴിമതിയുടെ പ്രത്യേക സെന്ററുകളായാണ് പ്രവര്‍ത്തിക്കുന്നതെന്ന പേരുദോഷം ഇന്നും മാറിയിട്ടില്ല. ചരക്കുമായി വരുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന ഡേറ്റാ ഫയലിംഗിനുള്ള സൗകര്യം ചിലയിടത്ത് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ പോലും ഇതും കാര്യക്ഷമമായിട്ടില്ല. ചെക് പോസ്റ്റുകള്‍ അഴിമതി വിരുദ്ധമാക്കാന്‍ സൈബര്‍ ഫോറന്‍സിക് ലാബു വരെ ഇക്കാര്യത്തില്‍ കൊണ്ടു വരുമെന്ന പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. വാണിജ്യ വ്യവസായ വകുപ്പ്, നികുതി വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ബജറ്റ് നിര്‍ദേശങ്ങള്‍ ഫലപ്രാപ്തിയിലെത്തൂ. എന്നാല്‍, നാളിതു വരെയുള്ള സര്‍ക്കാറുകള്‍ പരാജയപ്പെട്ട സ്ഥാനത്ത് ഐസക്കിന്റെ സര്‍ക്കാറിന് എന്തു ചെയ്യാനാകുമെന്നത് കാത്തിരുന്നു തന്നെ കാണണം. കഴിഞ്ഞ തവണ ധനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ശ്രമങ്ങളുടെ വലിയ തുടര്‍ച്ചയും കാര്യക്ഷമതയും ഇക്കാര്യത്തില്‍ വേണം.
കൂടുതല്‍ വ്യാപാരികളെ നികുതി വലക്കുള്ളില്‍ കൊണ്ടുവരും എന്നതും അദ്ദേഹം തന്റെ ബജറ്റില്‍ ഊന്നിപ്പറയുന്ന കാര്യമാണ്. എന്നാല്‍, 20 ലക്ഷത്തോളം വ്യാപാരി വ്യവസായികളുള്ള കേരളത്തില്‍ നിലവില്‍ നാല് ലക്ഷത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാര്‍ഷിക വിറ്റുവരവ് 60 ലക്ഷത്തില്‍ ഏറെയുള്ളവരാണ് നിലവില്‍ വാറ്റ് നികുതിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍, പലരും വരുമാനം കുറച്ചു കാണിക്കുന്നത് കാരണം നികുതിയിനത്തില്‍ ലഭിക്കേണ്ട തുക സര്‍ക്കാറിന്റെ ഖജനാവിലേക്ക് എത്തുന്നുമില്ല. 80 ശതമാനം മുതല്‍ 90 ശതമാനം വരെ ഖജനാവിലെത്താതെ പാഴാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ വിജിലന്‍സിന് കര്‍ശന നടപടിയുമായി മുന്നോട്ടു പോകാന്‍ കഴിയണം. മുന്നില്‍ വരുന്ന ഫയലില്‍ എന്തു തീരുമാനം എടുക്കണമെന്നറിയാത്ത ഉദ്യോഗസ്ഥര്‍ നികുതി വകുപ്പില്‍ ഇപ്പോഴുമുണ്ട്. നികുതി ചുമത്തുന്നതു സംബന്ധിച്ച് നികുതി ഉദ്യോഗസ്ഥര്‍ക്കു തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും അവര്‍ക്ക് കാലാനുസൃതമായ പരിശീലനവും സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം എന്ന പരിഹാരമാര്‍ഗവും ഇതിനായി ബജറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്റേണല്‍ ഓഡിറ്റ് ശക്തിപ്പെടുത്തുന്നതിലുപരി റവന്യൂ റിക്കവറി വേഗത്തിലാക്കാനായി നിയമനടപടികള്‍ ഊര്‍ജിതപ്പെടുത്താനും ബജറ്റ് വിഭാവനം ചെയ്യുന്നു. സര്‍ക്കാറിന് ലഭിക്കാനുള്ള 12608 കോടി രൂപയില്‍ 8000 കോടിയോളം കോടതി വ്യവഹാരങ്ങളില്‍ പെട്ടതാണ്. വ്യവഹാരത്തിന് പുറത്ത് സര്‍ക്കാറിന് ലഭിക്കാനുള്ള തുകകളില്‍ ഏറെയും രാഷ്ട്രീയ ബന്ധമുള്ള ഇടപാടുകളായതിനാല്‍ ഈ തുക പിരിച്ചെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പിന്തുണയും ആവശ്യമാണ്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 2005 മുതല്‍ അഞ്ച് ശതമാനമായി നിന്ന നികുതി 2011- 12ല്‍ ഒരു ശതമാനമായി കുറച്ചത് സാധാരണക്കാരന് യാതൊരു ഗുണവും ഉണ്ടാക്കിയില്ല. ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ് ഇതിന്റെ ഗുണം ലഭ്യമായത്. നികുതി ഘടന പഴയ പടി പുനഃസ്ഥാപിച്ചത് സാധാരണക്കാരനെ ദ്രോഹിക്കാതെ തന്നെ ഖജനാവിലേക്ക് കൂടുതല്‍ തുക കൊണ്ടു വരും. കഴിഞ്ഞ സര്‍ക്കാര്‍ വെളിച്ചെണ്ണയുടെ അഞ്ച് ശതമാനം നികുതി എടുത്തു കളഞ്ഞതോടെ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ ഇറക്കുമതിക്ക് ആക്കം കൂടുകയാണുണ്ടായത്. നികുതി പുനഃസ്ഥാപിച്ചത് ഈ അവസ്ഥക്ക് മാറ്റം കൊണ്ടു വരുമെന്നും നാളികേരത്തിന്റെ താങ്ങുവിലയിലൂടെ ലഭിക്കുന്ന നേട്ടം കര്‍ഷകര്‍ക്ക് ലഭ്യമാകുമെന്ന പ്രതീക്ഷ നല്‍കുന്നു. ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ ഇടനാഴി എന്ന ആശയം തികച്ചും സ്വാഗതാര്‍ഹം തന്നെ.
കേരളത്തിന്റെ ഏതു ബജറ്റ് പരിശോധിച്ചാലും നമ്മെ അലട്ടുന്ന ഘടകമായി നിലകൊള്ളുന്നത് നമ്മുടെ റവന്യൂ വരുമാനം നമ്മുടെ വികസന പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്താനാകുന്നില്ല എന്നതാണ്. നിലവിലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് നികുതി വരുമാനം 84616.85 കോടിയും റവന്യൂ ചെലവ് 97683.10 കോടി രൂപയാണ്. നമ്മുടെ വിഭവസമാഹരണത്തിലൂടെ ലഭിക്കുന്ന തുക കൊണ്ട് ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ കൊടുക്കാന്‍ പോലും തികയാത്ത അവസ്ഥ. ഇതു പരിശോധിച്ചാല്‍ തന്നെ കടം വാങ്ങാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്ന് മനസ്സിലാക്കാം.
സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 13066.25 കോടിയും ധനകമ്മി 23139.89 കോടിയുമായി നിലനില്‍ക്കുകയാണ്. റവന്യൂ കമ്മി മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 1.98 ശതമാനവും ധനകമ്മി 3.51 ശതമാനവുമാണ്. റവന്യൂ കമ്മി ഇല്ലാതാക്കുകയും ധനകമ്മി മൂന്ന് ശതമാനത്തിലെത്തിക്കുകയുമെന്ന ധനഉത്തരവാദിത്വം നിര്‍വഹിക്കാനായി കടമെടുക്കുക എന്നതു മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ള വഴി. ഇത്തരത്തില്‍ കടമെടുത്താല്‍ പോലും മൊത്തം തുക മൂലധന നിക്ഷേപത്തിനായി മാറ്റി വെക്കാനുമാകില്ല. എന്നാല്‍ ഇതിന് വ്യത്യസ്തമായ മാര്‍ഗമാണ് ഇക്കുറി തോമസ് ഐസക് തന്റെ ബജറ്റിലൂടെ മുന്നോട്ടുവെക്കുന്നത്. കടമെടുക്കാന്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്.
കമ്പോളത്തില്‍നിന്ന് പണം സമാഹരിക്കുന്നതിന് 1999ല്‍ സ്ഥാപിച്ച ധനകാര്യസ്ഥാപനമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആക്ടിന്റെ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനും ഇതുവഴി സെബിയും ആര്‍ ബി ഐയും അംഗീകരിച്ച നൂതനധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും കിഫ്ബിയെ സജ്ജമാക്കാനുമാണ് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സഹകരണ ബേങ്കില്‍ നിന്നും പ്രവാസി നിക്ഷേപത്തിലൂടെയും മൂലധനസമാഹരണമെന്ന ആശയം സാധ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിലേക്ക് ഇവ ആകര്‍ഷിക്കുക എന്ന നയമാകും സര്‍ക്കാര്‍ ലക്ഷ്യമിടുക. സംസ്ഥാനത്ത് നിലവിലുള്ള അഞ്ച് ലക്ഷം കോടി രൂപയുടെ വിദേശ മലയാളികളുടേതടക്കം ഉപയോഗിക്കാതെ കിടക്കുന്ന നിക്ഷേപം തന്നെ പ്രയോജനപ്പെടുത്തുകയും നിക്ഷേപകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്ന രീതിയില്‍ ഇത് സാധ്യമാക്കുകയും ചെയ്താല്‍ ഇത് വിപ്ലവകരമായ ഒരു ചുവടുവെപ്പായിരിക്കും. റവന്യൂ വരുമാനത്തില്‍ വേണ്ടത്ര വളര്‍ച്ച രേഖപ്പെടുത്തുകയും റവന്യൂ ചെലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പുലര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാറില്‍ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം നിക്ഷേപര്‍ക്ക് നല്‍കുക എന്നതാണ് പ്രധാനം. ലോകബേങ്കില്‍ നിന്നും ഐ ഡി ബിയില്‍ നിന്നും കടമെടുക്കാതെ തന്നെ നമ്മുടെ മൂലധനനിക്ഷേപങ്ങള്‍ക്ക് വക കണ്ടെത്താനാകുമെന്ന ആത്മവിശ്വാസത്തിലേക്കുള്ള ചുവടുവെപ്പാകുകയാണ് പുതിയ ബജറ്റ്.

(തയ്യാറാക്കിയത് ശ്രീജിത്ത് ശ്രീധരന്‍)