എവറസ്റ്റ് കീഴടക്കിയെന്ന ഇന്ത്യന്‍ ദമ്പതികളുടെ വാദം: നേപ്പാള്‍ അന്വേഷണം തുടങ്ങി

Posted on: July 5, 2016 6:00 am | Last updated: July 5, 2016 at 1:20 am
SHARE
ദമ്പതികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എവറസ്റ്റ് കയറുന്നതിന്റെ ദൃശ്യം
ദമ്പതികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത
എവറസ്റ്റ് കയറുന്നതിന്റെ ദൃശ്യം

കാഠ്മാണ്ഡു: എവറസ്റ്റ് കീഴടക്കിയെന്ന ഇന്ത്യക്കാരായ പോലീസ് ദമ്പതികളുടെ അവകാശവാദം സംബന്ധിച്ച് നേപ്പാള്‍ അന്വേഷണം നടത്തും. മോര്‍ഫ് ചെയ്ത വ്യാജ ഫോട്ടോകള്‍ ഉപയോഗിച്ചാണ് ദമ്പതികള്‍ അവകാശവാദമുന്നയിക്കുന്നതെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇവ പരിശോധിക്കാനായി നേപ്പാള്‍ അന്വേഷണം നടത്തുന്നത്.
പൂനെ പോലീസില്‍ കോണ്‍സ്റ്റബിള്‍മാരായ താരകേശ്വരി ഭര്‍ത്താവ് ദിനേഷ് റാത്തോഡ് എന്നിവരാണ് ് തങ്ങള്‍ മെയ് 23ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയതിലൂടെ ഇത് കീഴടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ദമ്പതികളായതായി ജൂണ്‍ അഞ്ചിന് അവകാശമുന്നയിച്ചത്. കൊടുമുടിക്ക് ഏറ്റവും മുകളില്‍ നില്‍ക്കുന്നതായുള്ള വ്യാജ ഫോട്ടോകള്‍ സമര്‍പ്പിച്ചാണ് നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്മന്റില്‍നിന്നും എവറസ്റ്റ് കീഴടക്കിയതായുള്ള സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തതെന്നാണ് ആരോപണം. റാത്തോഡ് ദമ്പതികളുടെ എവറസ്റ്റ് കയറ്റം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിന് കീഴിലെ മലകയറ്റ വിഭാഗത്തിലെ തലവന്‍ ലക്ഷ്മണ്‍ ശര്‍മ പറഞ്ഞു. ദമ്പതികള്‍ ഇന്ത്യയിലേക്ക് തിരിച്ച് പോയതിനാല്‍ ഇവരുടെ മലകയറ്റം സംഘടിപ്പിച്ച ഏജന്‍സിയോട് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എവറസ്റ്റിന്റെ 8,850 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ഹാജരാക്കിയാണ് ദമ്പതികള്‍ സര്‍ട്ടിഫിക്കറ്റ് നേടിയത്. എന്നാല്‍ ഇവര്‍ ഇത്ര മുകളില്‍ എത്തിയിരുന്നില്ലെന്നും വ്യാജ ഫോട്ടോകള്‍ സമര്‍പ്പിച്ചാണ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും മറ്റ് മലകയറ്റക്കാര്‍ പറഞ്ഞു. ഫോട്ടോകള്‍ വ്യാജമാണെന്ന സംശയം ഇപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്ട്മന്റിനുമുണ്ട്. ആരോപണം സത്യമാണെന്ന് കണ്ടെത്തിയാല്‍ ദമ്പതികളുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും നേപ്പാളിലെ പര്‍വതാപോഹണങ്ങളില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.