‘കുട്ടി ഡ്രൈവര്‍’മാരുടെ ബൈക്കപകടം: കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പ്

Posted on: July 4, 2016 5:34 pm | Last updated: July 4, 2016 at 5:34 pm
SHARE

കണ്ണൂര്‍ :പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ വ്യാപകമായി ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടേര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും ശക്തമാക്കുമ്പോഴും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയെത്താത്തവരുള്‍പ്പെടുന്ന ബൈക്കപകടങ്ങളുടെയെണ്ണം ക്രമാതീതമായാണ് വര്‍ധിക്കുന്നത്. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ ഇരുചക്രവാഹനവുമായി റോഡിലേക്കിറങ്ങുന്നത് കൂടിയതും അപകടങ്ങളില്‍പപെടുന്നഹതും പതിവായതോടെയാണ് നടപടി ശക്തമാക്കുന്നത്.

ഒരു വണ്ടിയില്‍ രണ്ടും മൂന്നും പേര്‍ ഇരുന്ന് യാത്ര ചെയ്യുന്നത് തിരക്കേറിയ നഗരപ്രദേശങ്ങളില്‍ പോലും പതിവ് കാഴ്ചയായി മാറിയിട്ടും മോട്ടോര്‍ വകുപ്പ് അധികൃതര്‍ കര്‍ശന നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി കുട്ടികള്‍ ഓടിച്ചുണ്ടായ വാഹനാപകടങ്ങളുടെയെണ്ണം 200 ലധികം വരും. ഇതില്‍ 60 ഓളം പേരെങ്കിലും മരിച്ചതായും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുന്നവയുടെ എണ്ണം ഏറെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

മോട്ടോര്‍ വാഹന ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഗിയര്‍ ഉള്ള വാഹനത്തിന് 18ഉം ഗിയര്‍ ഇല്ലാത്ത വാഹനത്തിന് (50 സി സിക്ക് താഴെ )16 ഉംമാണ്. 16 നും 18 വയസിനും പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മത പത്രത്തോടെ മാത്രമാണ് 50 സി സിക്കു താഴെയുളള മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാനാകുക. എന്നാല്‍ 13 വയസ്സുതൊട്ടുള്ള കുട്ടികള്‍ പലയിടത്തും ബൈക്കില്‍ ചീറിപ്പായുന്നത് പതിവ് കാഴ്ചയാണ്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ‘കുട്ടി ഡ്രൈവര്‍’ മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പ്രത്യേക പരിശോധന തുടങ്ങിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതവസാനിപ്പിച്ചു. ഇപ്പോള്‍ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

ഇതിന്റ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ബൈക്ക് ഓടിച്ചതിന്റെ പേരില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെയും ആര്‍ സി ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തതോടെ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്.
വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തതിനാല്‍ കോടതികള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. പോലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കുട്ടികളെ വാഹനങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിന്നും തടയാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന് ഇവര്‍ക്കെതിരെ നടപടിയെടുക്കാനാകാത്തതില്‍ മാതാപിതാക്കളെക്കൊണ്ട് പിഴയടപ്പിച്ചും ഒരു ദിവസത്തെ ബോധവത്ക്കരണ ക്ലാസില്‍ ഇരുത്തുന്നതിനുമുള്ള പദ്ധതിയും അധികൃതര്‍ തയ്യാറാക്കുന്നുണ്ട്.

വര്‍ഷങ്ങളായി സംസ്ഥാനത്ത് ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. എല്ലാമാസവും 1300 നും 1600നും ഇടയില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പ്രധാനമായും അപകടങ്ങള്‍ക്കിടയാക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 17017 വാഹനാപകടങ്ങളാണുണ്ടായത്. ഇതില്‍ പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ പങ്കാളികളാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇവയില്‍ തന്നെ പ്രായപൂര്‍ത്തിയാവാത്തവരുടെയെണ്ണവും നിരവധിയുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ ബൈക്കപകടങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.