ഗള്‍ഫിലെ സാമ്പത്തിക മേഖലയില്‍ ബ്രക്‌സിറ്റ് സ്വാധീനിക്കില്ലെന്ന് ക്യു എന്‍ ബി

Posted on: July 3, 2016 6:05 pm | Last updated: July 3, 2016 at 6:05 pm
SHARE

QNBദോഹ: യൂറോപ്യന്‍ യൂനിയനില്‍ നിന്നും പിന്‍മാറാനുള്ള യു കെയുടെ തീരുമാനം സാമ്പത്തിക രംഗത്ത് മാറ്റങ്ങളുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും മിഡില്‍ ഈസ്റ്റിലോ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലും അത് കാര്യമായ ചലനം ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് ഖത്വര്‍ നാഷനല്‍ ബേങ്ക്. യു കെയിലോ യൂറോപ്പിലോ അല്ലാതെ ഇത് മറ്റെവിടെയും വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നില്ലെന്നും ക്യു എന്‍ ബി പ്രസ്താവന വിശദീകരിക്കുന്നു.

ബ്രക്‌സിറ്റ് സൃഷ്ടിക്കുന്ന കുഴപ്പങ്ങളില്‍നിന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഭൂരിഭാഗവും സുരക്ഷിതമായിരിക്കും. ആഗോളാടിസ്ഥാനത്തില്‍ പ്രവചിക്കപ്പെടുന്ന പ്രതിസന്ധിയിലേക്ക് മേഖല വീഴില്ല. കാരണം, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ബ്രക്‌സിറ്റ് മിഡില്‍ ഈസ്റ്റിനെ ബാധിക്കുന്നതിന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിലൊന്ന് വ്യാപാരമേഖലയാണ്. എന്നാല്‍ യു കെയുമായുള്ള മിഡില്‍ ഈസ്റ്റിന്റെ വ്യാപാര ബന്ധം അത്ര വലുതല്ല. മേഖലയില്‍ ഖത്വറാണ് യു കെയിലേക്ക് കൂടുതല്‍ കയറ്റുമതി അയക്കുന്ന രാജ്യം. എന്നാല്‍ ഇത് രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പാദന വരുമാനത്തിന്റെ 1.6 ശതമാനം മാത്രമാണ്.
സാമ്പത്തിക മാര്‍ഗമാണ് രണ്ടാമത്തെ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള കരുതലുകള്‍ വര്‍ഷാദ്യത്തില്‍ തന്നെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണവിലക്കുറവിന്റെ കൂടി പശ്ചാത്തലത്തില്‍ വിപണയിലെ തിരിച്ചടികളെ മറികടന്ന് സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള യു കെയുടെ പിന്മാറ്റ നപടികള്‍ ഘട്ടംഘട്ടമായാണ് ഉണ്ടാകുക എന്നതിനാല്‍ കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുമെന്നും ക്യു എന്‍ ബി പറയുന്നു.