എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവെന്ന് പരാതി

Posted on: July 2, 2016 6:08 am | Last updated: July 2, 2016 at 12:09 am
SHARE

endosulphanകാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നതായി പരാതി. ഇരകളുടെ സംരക്ഷകര്‍ ചമയുന്നവര്‍ നടത്തുന്ന ചൂഷണത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വിവരിക്കുകയായിരുന്ന അമ്മമാര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. സമരങ്ങളിലും കഞ്ഞിവെപ്പ് സമരത്തിലും പട്ടിണി സമരത്തിലും സജീവമായി പങ്കെടുത്ത ദുരിതബാധിതരുടെ അമ്മമാരാണ് ഇന്നലെ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്.
ദുരിതബാധിതരെ മറയാക്കി വ്യാപകമായി പണപ്പിരിവും അഴിമതിയും നടക്കുന്നുവെന്ന് വെട്ടിത്തുറന്ന് പറയാനാണ് അമ്മമാര്‍ കുട്ടികളോടൊപ്പം എത്തിയത്. കടം എഴുതിത്തള്ളണമെങ്കില്‍ സമരത്തിന് വരണമെന്ന് നിര്‍ബന്ധിപ്പിച്ച് തങ്ങളെ പല സ്ഥലങ്ങളിലേക്കും അമ്പലത്തറ സ്വദേശിയുടെ നേതൃത്വത്തില്‍ കൂട്ടിക്കൊണ്ടുപോയെന്നും വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. ദുരിതബാധിതരുടെ പേരില്‍ തലസ്ഥാന നഗരി കേന്ദ്രീകരിച്ച് അമ്പലത്തറ സ്വദേശിയും ഒരു സ്ത്രീയും വ്യാപകമായി പണപ്പിരിവ് നടത്തി വരികയാണെന്നും ഇവര്‍ പരാതിപ്പെട്ടു.
പിരിച്ചെടുക്കുന്ന പണത്തില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ പല കാരണങ്ങളും പറഞ്ഞ് തങ്ങളുടെ കൈകളില്‍ നിന്ന് പണം വാങ്ങുകയായിരുന്നു. സൗകര്യങ്ങളില്ലാത്ത ബഡ്‌സ് സ്‌കൂളുകള്‍ക്ക് പകരം ദുരിത ബാധിതരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പകല്‍ സമയത്ത് സംരക്ഷണം ഉറപ്പാക്കാന്‍ സ്‌നേഹവീടെന്ന പദ്ധതി ആകെ താറുമാറായിരിക്കുകയാണ്. സ്‌നേഹ വീടിന്റെ ആവശ്യത്തിന് രണ്ട് വാഹനങ്ങള്‍ അനുവദിച്ചിരുന്നെങ്കിലും ഒന്ന് വില്‍ക്കുകയും മറ്റൊന്ന് അമ്പലത്തറ സ്വദേശിയുടെ മകളുടെ ആവശ്യത്തിന് ഉപയോഗിക്കുകയുമാണെന്നും അമ്മമാര്‍ പരാതിപ്പെട്ടു. സ്‌നേഹ വീട്ടിലേക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത കുട്ടികളെ ആവശ്യമില്ലെന്ന നിലപാടാണ് സ്‌നേഹ വീട് കൈകാര്യം ചെയ്യുന്നവര്‍ പറയുന്നത്.
അത്യാസന്ന ഘട്ടങ്ങളില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും വാഹന സൗകര്യം നല്‍കാറില്ല. അവസാനം നടന്ന പട്ടിണി സമരത്തിന് ഓരോരുത്തരില്‍ നിന്നും അഞ്ഞൂറ് രൂപ കൈപ്പറ്റിയിട്ടുണ്ട്.
ദുരിതബാധിതരായ അമ്മമാരുടെ വേദന കച്ചവടമാക്കി കുഞ്ഞുങ്ങളെ ദുരിതത്തിലേക്ക് എറിയുന്ന ഇത്തരം ആളുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് വാര്‍ത്താ സമ്മേളത്തില്‍ പി നാരായണി(രാജപുരം), കെ രമണി(ഏഴാംമൈല്‍), മാധവി(ഉദയപുരം), കെ വത്സല(ഉദയപുരം), ശാന്ത പി(കാലിച്ചാംപാറ) എന്നിവര്‍ വ്യക്തമാക്കി.