Connect with us

International

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം തടഞ്ഞവര്‍ കണക്കു പറയേണ്ടി വരുമെന്ന് അമേരിക്ക

Published

|

Last Updated

വാഷിങ്ടണ്‍: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തടഞ്ഞ അംഗരാജ്യം അതിന് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യയുടെ ഗ്രൂപ്പിലേക്കുള്ള പ്രവേശനം ചൈനയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടതിന് പിന്നാലെ ആദ്യമായാണ് വിഷയത്തില്‍ അമേരിക്ക പ്രതികരിക്കുന്നത്. ഇന്ത്യയുടെ പ്രവേശനത്തിന് അംഗരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന യോജിച്ച അഭിപ്രായം തകര്‍ത്തത് ഒരു രാജ്യമാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെയാണ് അമേരിക്കയുടെ വിമര്‍ശനം.

ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം സാധ്യമാക്കുന്ന നടപടികള്‍ അമേരിക്ക ഉറപ്പുവരുത്തിയതാണെന്നും എന്നാല്‍ പ്രവേശനം സാധ്യമാകാത്തതില്‍ ദുഖമുണ്ടെന്നും അമേരിക്കന്‍ പൊളിറ്റിക്കല്‍ അഫേഴ്‌സ് അണ്ടര്‍ സെക്രട്ടറി ടോം ഷാനന്‍ പറഞ്ഞു. യോജിച്ച അഭിപ്രായം ഉണ്ടാകേണ്ട ഒരു സംഘടനയില്‍ ഒരു രാജ്യത്തിന് അത് തകര്‍ക്കാനാകും. എന്നാല്‍ വരും കാലങ്ങളില്‍ ആ രാജ്യത്തിന് ഈ പ്രവര്‍ത്തിയില്‍ കണക്കു പറയേണ്ടി വരുമെന്നു അദ്ദഹം പറഞ്ഞു. അടുത്ത തവണ ഇന്ത്യയുടെ പ്രവേശനം എങ്ങനെ സാധ്യമാക്കണമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.