നീളം കൂട്ടിയ നജ്മ റോഡ് ഗതാഗതത്തിനായി തുറന്നു

>>പുതിയ പാലവും തുറന്നു
Posted on: June 20, 2016 8:22 pm | Last updated: June 20, 2016 at 8:22 pm

najma road in qatarദോഹ: നജ്മ സ്ട്രീറ്റിന്റെ വികസിപ്പിച്ച റോഡും പുതിയ പാലവും ഗതാഗതത്തിനായി തുറന്നു. നജ്മ സ്ട്രീറ്റിനു സമാന്തരമായ ഈസ്റ്റ് കോറിഡോറിനെ ക്രോസ് ചെയ്യുന്നതാണ് പുതിയ പാലം. എക്‌സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായാണ് അശ്ഗാല്‍ ഈസ്റ്റ് കോറിഡോര്‍ പദ്ധതി നടപ്പിലാക്കുന്നത്.
വികിസിപ്പ നജ്മ റോഡ് എഫ് റിംഗ് റോഡുമായി ബന്ധിപ്പിച്ച് അല്‍ വക്‌റ മെയിന്‍ റോഡിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. അല്‍ തുമാമ, മതാര്‍ ഖദീം എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാക്കും. സെന്‍ട്രല്‍ ദോഹയില്‍നിന്ന് വക്‌റയിലേക്കും തിരിച്ചും സഞ്ചരിക്കുന്നവര്‍ക്ക് മതാര്‍ സ്ട്രീറ്റിലോ റാസ് അബു അബൂദ് റോഡിലോ പ്രവേശിക്കേണ്ടി വരില്ല. സൗത്ത് ദോഹയിലെ ഗതാഗതക്കുരുക്കു കുറക്കുന്നതിനും പുതിയ പാലവും റോഡും സഹായിക്കും.
2.4 കിലോമീറ്റര്‍ നീളത്തിലാണ് നജ്മ സ്ട്രീറ്റ് ദീര്‍ഘിപ്പിച്ചത്. ഇരു ദിശകളിലേക്കും മൂന്നുവരിപ്പാതയാണുണ്ടാകുക. പുതിയ പാലത്തിന് പതിനേഴ് മീറ്റര്‍ നീളമുണ്ട്. പത്തു മീറ്റര്‍ ഉയരത്തിലുള്ള പാലം ഈസ്റ്റ് വെസ്റ്റ് കോറിഡോറിനും നജ്മ സ്ട്രീറ്റിനുമിടിയിലുള്ള ഇന്റര്‍ സെക്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. 80 കിലോമീറ്ററാണ് വേഗത. എക്‌സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായി അശ്ഗാല്‍ നടപ്പിലാക്കിയ പ്രധാന ഗതാഗത വികസന പദ്ധതികളിലൊന്നാണിത്. 22 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുതിയ ഇസ്റ്റ് വെസ്റ്റ് കോറിഡോര്‍ നിര്‍മിക്കുന്നത്. ഓരോ ദിശയിലേക്കും അഞ്ചു വീതം ലൈനുകളുണ്ടാകും. ബര്‍വ സിറ്റിയില്‍ നിന്നും മാതാര്‍ സ്ട്രീറ്റ് സൗത്ത് എയര്‍ ഫോഴ്‌സ് റൗണ്ട് വരെയുള്ള പദ്ധതിയില്‍ എട്ടു ഇന്റര്‍ സെക്ഷനുകളുണ്ടാകും. മതാര്‍ സ്ട്രീറ്റ്, നജ്മ സ്ട്രീറ്റ്, ബര്‍വ സര്‍വീസ് റോഡ്, വക്‌റ ബൈപാസ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനാണ് ഇന്റര്‍ സെക്ഷനുകള്‍. റോഡ്, പാലം വികസനത്തോടൊപ്പം അനുബന്ധ സൗകര്യങ്ങളും വികസിപ്പിച്ചിട്ടുണ്ട്.