പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം റിയല്‍ എസ്റ്റേറ്റിലേക്കു തിരിക്കാന്‍ കേന്ദ്രം

Posted on: June 19, 2016 6:07 pm | Last updated: June 19, 2016 at 6:07 pm

REAL ESTATEദോഹ :പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് കൂടുതലായി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. നിബന്ധനകള്‍ ലഘൂകരിച്ചും നടപടികള്‍ എളുപ്പമാക്കിയും വിദേശ ഇന്ത്യക്കാരുടെ ധനമൊഴുക്ക് വര്‍ധിപ്പിക്കുന്നതിനാണ് റിസര്‍വ് ബേങ്കുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിക്കുന്നത്. പ്രവാസികള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിലനിന്നിരുന്ന സങ്കീര്‍ണകള്‍ നീക്കിക്കൊണ്ടാണ് അടുത്തിടെ റിസര്‍വ് ബേങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും തീരുമാനമുണ്ടായത്. എന്‍ ആര്‍ ഐകള്‍ക്കു പുറമേ എന്‍ ആര്‍ ഒ കാര്‍ഡുകള്ളവര്‍ക്കു കൂടി റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിട്ടുണ്ട്.

2010 മുതല്‍ ഓരോ വര്‍ഷം വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കകയക്കുന്ന പണം ഉയര്‍ന്നു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതില്‍ ഇടിവു വന്നു. ഈ പശ്ചാത്തലം കൂടി പരിഗണിച്ചാണ് സുരക്ഷിതമായ മേഖലയിലെ നിക്ഷേപത്തിനു കൂടി സര്‍ക്കാര്‍ ഉദാരീകൃത നയം കൊണ്ടു വരുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. റിയല്‍ എസ്‌റ്റേറ്റ് മെഖലയില്‍ എന്‍ ആര്‍ ഐ നിക്ഷേപ വ്യവസ്ഥകള്‍ ഇപ്പോള്‍ വളരേ ലളിതമാക്കിയിട്ടുണ്ടെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റും എന്‍ ആര്‍ ഐ കോളമിസ്റ്റുമായ വി നാഗരാജന്‍ അഭിപ്രായപ്പെട്ടു.
ഹോം ലോണ്‍ വ്യവസ്ഥകള്‍ ഇളവു ചെയ്യുന്നതുള്‍പ്പെടെയുള്ള ലഘൂകരണമാണ് സര്‍ക്കാര്‍ കൊണ്ടു വന്നത്. പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ഇളവും കൊണ്ടു വന്നിട്ടുണ്ട്. വായ്പയിലൂടെയും വിദേശത്തു വ്യയം ചെയ്യപ്പെടുന്ന പണം നാട്ടിലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക നയം. റിയല്‍ എസ്റ്റേറ്റ് വിവിധ അവസരങ്ങളാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. ഭൂമി സ്വന്തമാക്കുന്നവര്‍ക്ക് വരുമാനമുണ്ടാക്കുന്ന വിധം അവിടെ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും ഡവലപ്പേഴ്‌സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നു.
സര്‍ക്കാര്‍ നയം രൂപവ്തകരിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍ ആര്‍ ഐ നിക്ഷേപം ഉള്‍പ്പെടുത്തി റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വികസിപ്പിക്കാന്‍ രാജ്യത്തെ വന്‍കിട ഡവലപ്പേഴ്‌സും രംഗത്തു വരുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫഌറ്റ്, വില്ല ജീവിതരീതികള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്ന ബിസിനസ് നയമാണ് നടപ്പിലാക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ളതിനു പുറമേ വാസാവശ്യത്തിനായും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇടത്തരം പ്രവാസികളെക്കൂടി ആകര്‍ഷിക്കുന്ന ഇത്തരം പദ്ധതികളുടെ കൂടുതല്‍ പ്രചാരം വൈകാതെ ആരംഭിക്കും.