സംഭവ ബഹുലമായ 50 ദിവസങ്ങള്‍; ഒടുവില്‍ പ്രതി അകത്ത്‌

Posted on: June 17, 2016 5:19 am | Last updated: June 17, 2016 at 8:56 am
SHARE

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിക്കടുത്ത് വട്ടോളിപ്പടിയില്‍ ഇരിങ്ങോള്‍ പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറിയുള്ള കുറ്റിക്കാട്ട് വീട്ടില്‍ അമ്മ രാജേശ്വരിയോടൊപ്പം താമസിച്ചിരുന്ന ജിഷ 2016 ഏപ്രില്‍ 28 വൈകീട്ട് നാലിനും അഞ്ചിനും ഇടക്കാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. പുറത്തു പോയിരുന്ന അമ്മ രാജേശ്വരി രാത്രി എട്ട് മണിയോടെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. അകത്തു കയറിയ രാജേശ്വരി കാണുന്നത് ജിഷയുടെ ചോരയില്‍ കുളിച്ച മൃതദേഹമാണ്.
രാജേശ്വരിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. രാത്രി തന്നെ ജിഷയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതയായ രാജേശ്വരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിറ്റേന്ന് രാവിലെ കുറുപ്പംപടി പോലീസ് ജിഷയുടെ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഉച്ചയോടെ ജിഷയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. വൈകീട്ട് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കളെ ഏല്‍പ്പിച്ചു. രാത്രി ഏഴരയോടെ രാജേശ്വരിയെ പോലും കാണിക്കാതെ മൃതദേഹം ദഹിപ്പിച്ചു. മോഷണ ശ്രമത്തിനിടെ അടിയേറ്റ് യുവതി മരിച്ച നിലയില്‍ എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ജിഷ അതിദാരുണമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന വിവരം പോലീസ് പുറത്തറിയിച്ചില്ല.
മെയ് ഒന്നിന് ജിഷയുടെ വീട്ടിലെത്തിയ എറണാകുളം ലോ കോളജിലെ സഹപാഠികളാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. ജിഷയുടെ മൃതദേഹത്തില്‍ കമ്പികൊണ്ടു കുത്തിയതടക്കം മുപ്പതോളം മാരക മുറിവുകള്‍ കണ്ടെത്തിയെന്നും. ഡല്‍ഹി നിര്‍ഭയ കേസുമായി ഇതിന് സാമ്യമുണ്ടെന്ന് വാര്‍ത്തകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇതോടെ പത്ര ദൃശ്യ മാധ്യമങ്ങളും ജിഷ വധം ഏറ്റെടുത്തു.
പ്രതി ഒരാള്‍ മാത്രമെന്ന് പോലീസ് പിറ്റേ ദിവസം വ്യക്തമാക്കി. രണ്ടു പേര്‍ കസ്റ്റഡിലുണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഐ ജി അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കുറുപ്പുപടി സി ഐ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം ശക്തമായി ഉയര്‍ന്നതോടെ ലോക്കല്‍ പോലീസ് പ്രതിരോധത്തിലായി.
മേയ് നാലിന് ജിഷയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ജിഷയുടെ മൃതദേഹത്തില്‍ 38 മുറിവുകളുണ്ടെന്നും, ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് രാസപരിശോധനാ ഫലം വന്നാലേ വ്യക്തമാകൂ എന്നും പോലീസ് വിശദീകരിച്ചു. കൊലപാതകം മൂന്നിനും അഞ്ചിനും ഇടയിലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. ജിഷയുടെ ദേഹത്ത് നിന്നും ലഭിച്ച ഡി എന്‍ എ സാമ്പിളുകള്‍ പരിശോധനക്കയച്ചു.
ഘാതകന്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന വ്യക്തമായ സൂചന അടുത്ത ദിവസം തന്നെ പൊലീസിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്തു നിന്നു കിട്ടിയ കൊലയാളിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പാണ് സൂചന ബലപ്പെടുത്തിയത്. ചെരുപ്പില്‍ സിമന്റ് പുരണ്ടിരുന്നതിനാല്‍ നിര്‍മാണ തൊഴിലാളിയാണ് കൊല നടത്തിയതെന്നും പോലീസ് നിഗമനത്തിലെത്തി. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കുന്നതിന് യഥാര്‍ഥ പ്രതി സിമന്റ് പുരണ്ട ചെരിപ്പ് ഇവിടെ ഉപേക്ഷിച്ചതാകാമെന്ന വാദവും ഉയര്‍ന്നു. എ്ന്നാല്‍ ചെരിപ്പിന്റെ ഉടമയെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അന്വേഷണം ഈ വഴിക്ക് മുന്നോട്ടു പോയില്ല. ഇതര സംസ്ഥാനക്കാര്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ ചെരുപ്പ് ഏത് കടയില്‍ നിന്ന് ആര് വാങ്ങിയെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്ന് കഴിഞ്ഞിരുന്നില്ല. നാട്ടുകാര്‍ക്ക് വേണ്ടി ഈ ചെരുപ്പ് പോലീസ് അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു.
100 ഓളം പേരെ പോലീസ് ചോദ്യം ചെയ്തു. പലരെയും കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. കൊലയാളിയെ തേടി ആസാമിലും ബംഗാളിലും വരെ അന്വേഷണ സംഘം എത്തി. ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍ നിന്ന് ലഭിച്ച അടയാളം വെച്ച് സംശയിക്കുന്നവരെയെല്ലാം മാങ്ങ കടിപ്പിച്ച് തെളിവെടുത്തു. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടെത്താന്‍ നാട്ടുകാരുടെയെല്ലാം വിരലടയാളം ശേഖരിച്ചു.
ഇതിനിടെ അന്വേഷണം ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് നീണ്ടു. തനിക്ക് ഇതര സംസ്ഥാനക്കാരനായ സുഹൃത്തില്ലെന്നും. ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നും ജിഷയുടെ സഹോദരി ദീപ മാധ്യങ്ങളോട് വിശദീകരിച്ചു. അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം ജിഷയുടെ അമ്മയുടേയും സഹോദരിയുടേയും മൊഴിയെടുത്തു. കൊലയാളി കസ്റ്റഡിയിലുണ്ടെന്നും തെളിവുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ലാത്തതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റുണ്ടാകുമെന്നും മെയ് 12ന് പോലീസ് സൂചന നല്‍കി. എന്നാല്‍ കസ്റ്റഡിയിലുള്ള ആളല്ല കൊലയാളിയെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം മന്ദഗതിയിലായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പിണറായി മന്ത്രിസഭ ആദ്യം പരിഗണിച്ചത് ജിഷ വധക്കേസായിരുന്നു. അന്വേഷണത്തിന് എ ഡി ജിപി. ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
പുതിയ ഐ ജിയും എസ് പിയും വന്നു. അന്വേഷണ സംഘത്തെ ഉടച്ചുവാര്‍ത്തു. പുതിയ ഡി ജി പി ലോകനാഥ് ബെഹ്‌റ ജിഷയുടെ വീട്ടില്‍ വന്ന് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കി. ബെഹ്‌റ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളാണ് അന്വേഷണത്തില്‍ വഴിത്തരിവുണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here