തന്നെ കൈയേറ്റം ചെയ്തതിന് പിന്നില്‍ ഗൂഢാലോചന: പുത്തന്‍കുരിശ് എസ് ഐ

Posted on: June 13, 2016 12:25 am | Last updated: June 13, 2016 at 12:16 am

puthan kurish siകൊച്ചി: അനാശാസ്യം ആരോപിച്ച് തന്നെ കൈയ്യേറ്റം ചെയ്തതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പുത്തന്‍കുരിശ് എസ് ഐ സജീവ് കുമാര്‍. കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റ് ചെയ്തവരും മറ്റുമാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ക്കെതിരെ നിയമ നടപടിയുമായുമായി മുന്നോട്ടു പോകുമെന്നും എസ് ഐ സജീവ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട്്പറഞ്ഞു.

താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന ആരോപണം തെറ്റാണെന്ന് സജീവ് കുമാര്‍ പറഞ്ഞു. അവര്‍ക്ക് സിനിമയുമായോ സീരിയലുമായോ യാതൊരു ബന്ധവുമില്ല. വൈകുന്നേരം 7.45 ഓടെയാണ് താന്‍ ആ വീട്ടിലെത്തിയത്. ഉണ്ണിക്കൃഷ്ണന്‍ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും ആ വീട്ടിലുണ്ടായിരുന്നു. ആ വീട്ടിലാരും സിനിമയിലോ സീരിയലിലോ നാടകത്തിലോ അഭിനയിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്റെ ഒമ്പതു മാസം മുമ്പ് വിവാഹം കഴിച്ച മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

മകളുടെ സ്വര്‍ണാഭരണങ്ങള്‍ മകളുടെ ഭര്‍ത്താവിന്റെ പക്കലാണെന്നും ഈ സ്വര്‍ണം തിരികെ കിട്ടാന്‍ മധ്യസ്ഥം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണിക്കൃഷ്ണന്‍ തന്നെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണന്റെ പരാതി പ്രകാരം താന്‍ പലപ്രാവശ്യം മകളുടെ ഭര്‍ത്താവുമായി ഫോണ്‍ സംസാരിക്കുകയും തുടര്‍ന്ന് ഈ മാസം 13 ന് കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനായി ഇരുകൂട്ടരോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ഈ കുടുംബവുമായി തനിക്കുള്ള ബന്ധം. മധ്യസ്ഥത വഹിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണികൃഷ്ണന്‍ ക്ഷണിച്ചത. താന്‍ അവിടെ പോകുന്ന വിവരം തന്റെ ഭാര്യയോടും പറഞ്ഞിരുന്നു.

ഭക്ഷണം കഴിച്ച് താന്‍ അവിടെ നിന്നും മടങ്ങുന്നതിനിടയില്‍ സമീപത്ത ജംഗ്ഷനില്‍ വെച്ചാണ് തന്നെ ഏതാനും പേര്‍ ചേര്‍ന്ന് തടയുന്നത്്. എന്തിനാണ് അവിടെ പോയതെന്നും താന്‍ ആരാണെന്നും അവരോട് പറഞ്ഞുവെങ്കിലും താന്‍ നേരത്തെ കഞ്ചാവ് കേസില്‍ പിടികൂടിയ രണ്ടു പേര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. സജീവന്‍ പറഞ്ഞു.