Connect with us

National

ഉഡ്ത പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി

Published

|

Last Updated

മുംബൈ: പഞ്ചാബിലെ മയക്കുമരുന്ന് മാഫിയകളെ പ്രതിപാദിക്കുന്ന ബോളിവുഡ് ചിത്രം “ഉഡ്ത പഞ്ചാബി”ന് അനുകൂലമായി ബോംബെ ഹൈക്കോടതി. പ്രേക്ഷകരെ കാണിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് സിനിമയിലെ 13 രംഗങ്ങള്‍ എടുത്തകളയാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയാണ് കോടതി രംഗത്തെത്തിയത്. സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കുകയല്ല, സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ബോര്‍ഡിന്റെ ജോലിയെന്ന് ചൂണ്ടിക്കാണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട 13 സീനുകളില്‍ ഒന്നൊഴികെ മറ്റെല്ലാം ഉള്‍പ്പെടുത്താമെന്നാണ് കോടതി പറയുന്നു. സിനിമ കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഏത് സിനിമ കാണണം വേണ്ടയെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകരുടേതാണെന്ന് കോടതി വ്യക്തമാക്കി. ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞാല്‍ മാത്രമെ പ്രേക്ഷകര്‍ക്ക് മനസ്സിലാകുകയുള്ളുവെന്നും ഹൈക്കോടതി ജസ്റ്റിസ് എസ് സി ധര്‍മാധികാരി വ്യക്തമാക്കി. സിനിമക്ക് അനാവശ്യമായ പ്രചാരണമാണ് പുതിയ വിവാദങ്ങള്‍ നല്‍കുന്നതെന്നും ജഡ്ജി പറയുന്നു.
അതേസമയം, സിനിമയില്‍ നിന്ന് അശ്ലീല വാക്കുകളും രംഗങ്ങളും ഗാനങ്ങളും ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഉറച്ച നിലപാട്. ജനങ്ങളെ വഴിതെറ്റിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും ചിത്രത്തില്‍ നിന്ന് ഹരിയാനയെന്ന പേര് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് വാദിക്കുന്നു. ഇന്ത്യയില്‍ മയക്കുമരുന്ന് വ്യാപാരവും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് പഞ്ചാബ് . മയക്കുമരുന്നിന് അടിമകളാകുന്നവരുടെ എണ്ണം ഇവിടെ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
സെന്‍സര്‍ബോര്‍ഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് അനുരാഗ് കശ്യപാണ് കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസിന്റെ വിധി പറയും