ബി സി സി ഐ ആറ് പുതിയ ടെസ്റ്റ് വേദികള്‍ പ്രഖ്യാപിച്ചു

Posted on: June 10, 2016 6:00 am | Last updated: June 10, 2016 at 12:53 am

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ നാട്ടിലെ മത്സരക്രമം ബി സി സി ഐ പ്രഖ്യാപിച്ചു. 2016-17 സീസണില്‍ 13 ടെസ്റ്റുകളും എട്ട് ഏകദിനവും മൂന്ന് ട്വന്റി 20യുമടക്കം 24 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഇതിന് മുമ്പ് 1979-80 സീസണുകളിലാണ് ഇന്ത്യ ഇത്രയധികം ഹോം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ക്കായി ബി സി സി ഐ പുതുതായി ആറ് വേദികളും പ്രഖ്യാപിച്ചു. രാജ്‌കോട്ട്, വിശാഖപ്പട്ടണം, റാഞ്ചി, ഇന്‍ഡോര്‍, പൂനെ, ധര്‍മശാല എന്നിവയാണ് പുതിയ വേദികള്‍.
സീസണില്‍ ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നിവയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയങ്ങള്‍ വേദിയാകും. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗത്തിലാണ് തീരുമാനം. ബംഗ്ലാദേശുമായുള്ള ഏറ്റുമുട്ടലോടെയാകും ഇന്ത്യയുടെ നാട്ടിലെ സീസണിന് തുടക്കം കുറിക്കുക. ന്യൂസിലാന്‍ഡുമായി അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കളിക്കും. ഇന്‍ഡോര്‍, കാണ്‍പൂര്‍, കൊല്‍ക്കത്ത എന്നിവയായിരിക്കും ടെസ്റ്റ് വേദികള്‍. ധര്‍മശാല, ഡല്‍ഹി, മൊഹാലി, റാഞ്ചി, വിശാഖപ്പട്ടണം എന്നിവിടങ്ങളില്‍ ഏകദിനങ്ങള്‍ നടക്കും.
ഇംഗ്ലണ്ടുമായി അടുത്തവര്‍ഷമാദ്യം അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനത്തിലും മൂന്ന് ട്വന്റി 20യും കളിക്കും. മൊഹാലി, രാജ്‌കോട്ട്, മുംബൈ, വിശാഖപ്പട്ടണം, ചെന്നൈ എന്നിവ ടെസ്റ്റുകള്‍ക്ക് വേദിയാകും. പൂനെ, കട്ടക്ക്, കൊല്‍ക്കത്ത എന്നിവ എകദിനങ്ങള്‍ക്കും ബാംഗ്ലൂര്‍, നാഗ്പൂര്‍, കാണ്‍പൂര്‍ ട്വന്റി 20ക്കും ആതിഥ്യം വഹിക്കും. ആസ്‌ത്രേലിയ നാല് ടെസ്റ്റുകള്‍ കളിക്കാനെത്തും. ഫെബ്രുവരിയില്‍ നടക്കുന്ന പര്യടനത്തില്‍ ബാംഗ്ലൂര്‍, ധര്‍മശാല, റാഞ്ചി, പൂണെ എന്നിവിടങ്ങള്‍ വേദിയാകും.