മലാപ്പറമ്പ് സ്‌കൂള്‍: ചരിത്രം കുറിക്കുന്ന തീരുമാനം

Posted on: June 10, 2016 6:07 am | Last updated: June 10, 2016 at 12:39 am

malaparambu schoolറിയല്‍ എസ്റ്റേറ്റ് മാഫിയകളും യു ഡി എഫ് സര്‍ക്കാറും ചേര്‍ന്ന് മരണമണി മുഴക്കിയ മലാപ്പറമ്പ് സ്‌കൂള്‍ ഉള്‍പ്പെടെ നാല് സ്‌കൂളുകളും ഏറ്റെടുക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം പൊതുവിദ്യാഭ്യാസ സംരക്ഷണ ചരിത്രത്തിലെ പുതിയൊരു അധ്യായമാകുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ്, പാലാട്ടുമുറി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്നിവയാണ്.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിച്ചുകൊണ്ടേ നമ്മുടെ നവോത്ഥാന മതനിരപേക്ഷ പാരമ്പര്യം സൃഷ്ടിച്ചെടുത്ത പൊതുമണ്ഡലങ്ങളെ വീണ്ടെടുക്കാനും വിപുലപ്പെടുത്താനും കഴിയൂ. പുനരുത്ഥാനവും നവ ലിബറലിസവും പൊതു ഇടങ്ങളെയും സാമൂഹിക നീതിയുടെ മൂല്യങ്ങളെയും കടന്നാക്രമിച്ചുകൊണ്ടാണ് സാമൂഹിക ജീവിതത്തെയാകെ വലതുപക്ഷവത്കരിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തെ ട്രെയ്ഡബിളായ ഒരു ചരക്ക് മാത്രമാക്കി, ആഗോളകമ്പോള ശക്തികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്ന ഉദാരവത്കരണ നയങ്ങളുടെ കാലത്ത് വിദ്യാലയങ്ങളുടെ സാമൂഹിക നിയന്ത്രണവും പൊതുവിദ്യാലയത്തിന്റെ സംരക്ഷണവും ഏതൊരുജനതയുടെയും അസ്ഥിത്വത്തിന്റെയും സാമൂഹിക അതിജീവനത്തിന്റെയും അടിസ്ഥാനമാണ്. ഈ തിരിച്ചറിവാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്ന പ്രഖ്യാപനത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിനെ നയിച്ചത്.
വിദ്യാലയങ്ങളും കലാശാലകളും ഏതൊരു സമൂഹത്തിന്റെയും മസ്തിഷ്‌ക കോശങ്ങളാണ്. തിരിച്ചറിവും വിവേചന ബുദ്ധിയും മനസംസ്‌കരണവും വഴി ജനസമൂഹങ്ങളെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ പഠിപ്പിച്ച നാരായണ ഗുരുവിന്റെ നാട്ടിലാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ അഭീഷ്ഠമനുസരിച്ച് വിദ്യാലയങ്ങള്‍ താഴിട്ട് പൂട്ടുന്നത്! ഈ പ്രവണതയെ ഒരു ജനാധിപത്യ വാദിക്കും അംഗീകരിച്ചുകൊടുക്കാനാകില്ലെന്ന തിരിച്ചറിവാണ് മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുന്നതിനെതിരായ സമര മുഖത്തേക്ക് കോഴിക്കോട്ടെ പൗരസമൂഹത്തെ ഒന്നാകെ എത്തിച്ചത്. അക്ഷരങ്ങളെയും സംസകാരത്തെയും റിയല്‍എസ്റ്റേറ്റ് മൂലധന താത്പര്യങ്ങള്‍ക്ക് അടിയറവെക്കാന്‍ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് സ്‌കൂള്‍സംരക്ഷണ പ്രക്ഷോഭത്തിലൂടെ കോഴിക്കോട്ടെ ജനങ്ങള്‍ നടത്തിയത്.
മലാപ്പറമ്പ് എ യു പി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സ്‌ഫോടനാത്മകമായ സാഹചര്യത്തിലാണ് കോടതിവിധിയെ അംഗീകരിച്ചുകൊണ്ടു തന്നെ പൊതുവിദ്യാലയ സംരക്ഷണത്തിനു വേണ്ടിയുള്ള ധീരമായ ചുവടുവെപ്പ് ഇടതുപക്ഷ ഗവണ്‍മെന്റ് നടത്തിയത്. ഇത് സമൂഹത്തിലെ പുരോഗമന ജനാധിപത്യ ശക്തികളിലാകെ ഉണര്‍വും പ്രതീക്ഷയും നല്‍കുന്ന തീരുമാനമാണ്. അധികാരമേറ്റ് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളെ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൈയടക്കാന്‍ മാനേജ്‌മെന്റുമായി ഒത്തുകളിച്ച യു ഡി എഫ് സര്‍ക്കാറിന്റെ അക്ഷരവിരുദ്ധ നിലപാടിനോട് കണക്ക് തീര്‍ത്തിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളുടെ സാമൂഹിക പുരോഗതിയെ നിര്‍ണയിക്കുന്ന വിദ്യാലയങ്ങള്‍ റിയല്‍എസ്റ്റേറ്റ് മാഫിയകളുടെ കമ്പോളതാത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ ഒരര്‍ഥത്തിലും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് സ്‌കൂള്‍ ഏറ്റെടുക്കല്‍ തീരുമാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിനാവശ്യമായ കെ ഇ ആര്‍ ഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
കേരളത്തിലെ 3600-ഓളം സ്‌കൂളുകള്‍ അനാദായകരമെന്ന് വിലയിരുത്തി ഭൂമാഫിയകളുടെ വാണിജ്യ താത്പര്യങ്ങള്‍ക്ക് നിഷ്‌കരുണം എറിഞ്ഞുകൊടുക്കുന്ന യു ഡി എഫ് സര്‍ക്കാറിന്റെ നയമാണ് മലാപ്പറമ്പ് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയങ്ങള്‍ താഴിട്ടുപൂട്ടുന്ന അവസ്ഥ സൃഷ്ടിച്ചത്. കേരള വിദ്യാഭ്യാസ നിയമത്തിലെ പഴുതുകളുപയോഗിച്ചാണ് സ്‌കൂള്‍ പൂട്ടാന്‍ മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ അനുമതി നേടിയെടുത്തത്. 113 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ പൂട്ടുന്ന റിയല്‍എസ്റ്റേറ്റ് താത്പര്യങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വമ്പിച്ച ജനകീയപ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ടാണ് യു ഡി എഫ് സര്‍ക്കാര്‍ മാനേജര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്. സ്‌കൂള്‍ പൂട്ടി ഭൂമിവില്‍പനക്ക് മാനേജറും ഭൂമാഫിയകളും നീക്കം നടത്തിയപ്പോള്‍ അതിനെതിരായി ഒരു പ്രതിരോധവും തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല.
കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് നിയുക്ത വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂള്‍ പൂട്ടാന്‍ അപേക്ഷ നല്‍കിയ മാനേജര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും കിട്ടി. ഇതിനെതിരായി ജനപക്ഷത്തുനിന്ന് നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. 2014 ഏപ്രില്‍ 10-ന് ജെ സി ബി ഉപയോഗിച്ച് സ്‌കൂള്‍ കെട്ടിടം ഇടിച്ചുനിരത്തിയതോടെയാണ് അതിശക്തമായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്ന് മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ക്കും ഒത്താശ ചെയ്ത സര്‍ക്കാരിനുമെതിരെ ഉയര്‍ന്നുവന്നത്.
ഇടിച്ചുനിരത്തിയ സ്‌കൂള്‍ എ പ്രദീപ്കുമാര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിക്കുകയാണുണ്ടായത്. സ്‌കൂള്‍ പൊളിച്ചതിനെതിരായ ജനവികാരം കോടതിയെ ബോധിപ്പിക്കാന്‍ പോലും യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായില്ല. കോഴിക്കോട്ടെ പൗരാവലി ഒന്നടങ്കം സ്‌കൂള്‍ സംരക്ഷിക്കാന്‍ രംഗത്തുവന്നു. നിയമനടപടികളിലെ സര്‍ക്കാരിന്റെ അലംഭാവവും കള്ളക്കളിയുമാണ് ഹൈക്കോടതിയില്‍ മാനേജര്‍ക്ക് അനുകൂലമായ വിധിയുണ്ടാകാന്‍ കാരണം. ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി അടുത്ത ദിവസം തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ സംരക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കോടതിയെ സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ സുപ്രീംകോടതി ഹൈക്കോടതിവിധി ശരിവെക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റിന് അനുമതി നല്‍കുകയുമാണുണ്ടായത്! 133 വര്‍ഷം പഴക്കമുള്ള മലാപ്പറമ്പ് സ്‌കൂള്‍ റിയല്‍എസ്റ്റേറ്റ് കച്ചവട താല്പര്യത്തോടെയാണ് പുതിയ മാനേജര്‍ 15 വര്‍ഷം മുമ്പ് ഏറ്റെടുത്തത്.
അനാദായകരമെന്ന് പറഞ്ഞ് ആയിരക്കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള യു ഡിഎഫ് സര്‍ക്കാറിന്റെയും റിയല്‍എസ്റ്റേറ്റ് മാഫിയകളുടെയും താത്പര്യങ്ങള്‍ക്ക് കനത്ത പ്രഹരമാണ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും നഗരകേന്ദ്രിത സ്‌കൂള്‍ ഭൂമിയെ ലക്ഷ്യം വെച്ചിരിക്കുന്ന റിയല്‍എസ്റ്റേറ്റ് മാഫിയകളുടെ ഒരു ടെസ്റ്റ്‌ഡോസായിരുന്നു മലാപ്പറമ്പ് സ്‌കൂള്‍. ഈയൊരു സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിയമപരവും സാമൂഹികപരവുമായ ഇടപെടലുകളെ സര്‍ക്കാറിന്റെയും പൗരസമൂഹത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായി ഉണ്ടാവേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനും അടച്ചുപൂട്ടല്‍ ഭീഷണികള്‍ നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കാനാവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരാനാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്.