എരിഞ്ഞു പൊങ്ങുന്ന വിദ്വേഷത്തീക്കനലുകള്‍

Posted on: June 10, 2016 6:00 am | Last updated: June 15, 2016 at 6:30 pm

ഹൃദയങ്ങളില്‍ മുളച്ചു പൊങ്ങുന്ന വിനാശകാരികളായ വിഷ വൃക്ഷങ്ങളാണ് പകയും അസൂയയും. ശരീരത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് ശരീരത്തെ തന്നെ നശിപ്പിക്കുന്നവ. ഒരിക്കലും സുഖപ്പെടാത്ത രണ്ട് മഹാ വ്രണങ്ങള്‍ പോലെയാണവ. വ്യക്തിയേയും സമൂഹത്തെയും ഒരു പോല അവ ബാധിക്കും. പണ്ഡിതരെയും പാമരരേയും അവ നശിപ്പിക്കും. ഭദ്രമായ സാമൂഹിക ബന്ധങ്ങള്‍ പോലും അവയുടെ ദുര്‍ഗന്ധമേറ്റ് ശിഥിലമാകും. അടുത്തവരെ അകറ്റാനും അകന്നവരെ കൂടുതല്‍ അകലങ്ങളിലേക്ക് തള്ളാനും അസൂയയും വിദ്വേഷവും കാരണമായി തീരും.
തിരു നബി(സ) പറഞ്ഞു, ‘നിങ്ങളുടെ മുമ്പുള്ള സമൂഹങ്ങളെ ബാധിച്ച രോഗം നിങ്ങളിലേക്കും ഇഴഞ്ഞെത്തിയിരിക്കുന്നു. അസൂയയും പകയുമാണത്. വിദ്വേഷം എല്ലാറ്റിനെയും മുണ്ഡനം ചെയ്യും. തലമുടി വടിച്ചെടുക്കുന്നത് പോലെ സകല നന്മകളെയും അത് നശിപ്പിക്കും. ദീനിനെ തന്നെ മുണ്ഡനം ചെയ്യും. (തിര്‍മിദി ഹദീസ് 2510)
മറ്റൊരാളുടെ നേട്ടങ്ങള്‍ വെറുക്കുകയും അയാളുടെ നാശം ആഗ്രഹിക്കുകയുമാണ് അസൂയ. വിദ്വേഷത്തില്‍ നിന്നാണ് പകയും അസൂയയും പതഞ്ഞു പൊങ്ങുന്നത്. ഇത് പരസ്പര പൂരകങ്ങളാണ്. മറ്റുള്ളവരുടെ ഒരു നന്മയും അംഗീകരിക്കാതിരിക്കുകുയും അത് നശിപ്പിക്കാന്‍ ഏത് വൃത്തികേടും പ്രവൃത്തിക്കുകയും ചെയ്യുക. അസൂയാലു ഒരിക്കലും അടങ്ങിയിരിക്കില്ല. എതിരാളിയുടെ ന്യൂനത ചികഞ്ഞെടുത്ത് പറഞ്ഞു പ്രചരിപ്പിക്കും. ഏഷണിയും പരദൂഷണവും തൊഴിലാകും. വിദ്വേഷത്തിന്റെ തീക്കനല്‍ മനസ്സില്‍ സദാ അവനില്‍ എരിഞ്ഞു കൊണ്ടിരിക്കും. പ്രതിയോഗിക്കെതിരെ കടുത്ത മത വിരുദ്ധ മാര്‍ഗങ്ങള്‍ പോലും അവലംബിക്കും. അവസാനം അവന്റെയും സമൂഹത്തിന്റെയും ദീനിനെത്തന്നെ തകര്‍ക്കുകയും ചെയ്യുമെന്നാണ് വിവക്ഷ. സകല തിന്മകളുടെയും ആദി കാരണം അസൂയയും പകയുമാണ് ലോകത്ത് നടക്കുന്ന ഏകദേശ പ്രശ്‌നങ്ങളുടെയും മൂല കാരണം വിദ്വേഷവും വെറുപ്പുമാണ്. മാധ്യമങ്ങള്‍ പ്രൊജക്ട് ചെയ്യുന്ന പല വാര്‍ത്തകളും ചിത്രങ്ങളും വിദ്വേഷം പരത്തുന്നവയാണ്. നിഷ്‌കളങ്കമായ കുഞ്ഞു മനസുകളില്‍ അസൂയയുടെ വേരുകള്‍ മൂളച്ചു പൊങ്ങുന്നതിനെതിരെ നമുക്ക് പ്രതിജ്ഞയെടുക്കാം. സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഇത്തരം സമൂഹിക വിപത്തിനെ കുറിച്ചുള്ള ഒരു ഹദീസ് കൂടി ഉദ്ധരിക്കട്ടെ, ‘നിങ്ങള്‍ അസൂയയേ സൂക്ഷിക്കുക. അത് നന്മകളെ മുഴുവന്‍ തിന്നു തീര്‍ക്കും. തീ വിറകിനെ തിന്നു തീര്‍ക്കുന്നത് പോലെ
(അബൂ ദാവൂദ് 49036)