Connect with us

Sports

മുഹമ്മദലി റിംഗിന് പുറത്തും ധീരനായ പോരാളി

Published

|

Last Updated

ബോക്‌സിംഗ് റിംഗിന് പുറത്തും തന്റെ സമൂഹത്തിലെ വിവേചനത്തിനെതിരെയും യുദ്ധഭ്രാന്തിനെതിരെയും പോരാടിയ ധീരനായ പോരാളിയായിരുന്നു ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി. വര്‍ണ്ണവെറിയും പാശ്ചാത്യ ലോകത്തിന്റെ കാടത്തവുമാണ് മുഹമ്മദലിയെ ഇസ്ലാമിലേക്ക് നയിച്ചത്. അദ്ദേഹത്തെ ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ച ആദ്യ ഗുരു അലിജാ മുഹമ്മദാണ് അദ്ദേഹത്തിന് മുഹമ്മദ് എന്ന പേര് നിര്‍ദേശിച്ചത്. പിന്നീടൊരിക്കലും കാഷ്യസ് ക്ലേ എന്ന തന്റെ പഴയ പേര് അദ്ദേഹം ഉപയോഗിച്ചില്ല.

ഏതൊരു കായിക താരത്തിന്റെയും അഭിമാനമായിരുന്ന ഒളിംബിക്‌സ് മെഡല്‍ മുഹമ്മദലി ജെഫേഴ്‌സണ്‍ കൗണ്ടി പാലത്തില്‍ നിന്ന് ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞത് പോരാട്ടത്തിന്റെ മറ്റൊരു പ്രതീകമായിരുന്നു. “വെള്ളക്കാര്‍ക്ക് മാത്രം” എന്ന് രേഖപ്പെടുത്തിയ റസ്റ്റോറന്റില്‍ മുഹമ്മദലിക്ക് സേവനം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം മെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞത്.

1967ലെ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ കല്‍പന മുഹമ്മദലി തള്ളി. വിയറ്റ്‌നാമുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ല, മൈലുകള്‍ താണ്ടി നിരപരാധികളെ കൊന്നുടുക്കുന്നത് തന്റെ വിശ്വാസത്തിനെതിരാണെന്നും മുഹമ്മദലി ഭരണകൂടത്തിനെഴുതിയ കത്തില്‍ തുറന്നടിച്ചു. രാജ്യത്തിന് വേണ്ടി യുദ്ധത്തിനിറങ്ങാത്ത മുഹമ്മദലിക്ക് കോടതി അഞ്ച് വര്‍ഷത്തെ തടവും 10000 ഡോളര്‍ പിഴയും വിധിച്ചു. മാത്രമല്ല, ബോക്‌സിംഗില്‍ നേടിയെടുത്ത മെഡലുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു, ന്യൂയോര്‍ക്ക് ബോക്‌സിംഗ് കമ്മീഷനും ലോക ബോക്‌സിംഗ് അസോസിയേഷനുമടക്കം മുഹമ്മദലിയുടെ ചാമ്പ്യന്‍ പദവി പിന്‍വലിച്ചു. കോടതി വിധിക്കെതിരെ നിയമപോരാട്ടം നടത്തിയ മുഹമ്മദലി മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം തന്റെ മെഡലുകള്‍ തിരിച്ചു പിടിച്ചു.

അവസാനം വരെ തളരാത്ത പോരാളിയായിരുന്നു മുഹമ്മദലി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ രോഗാതുരനായി കിടക്കുമ്പോഴും വിമര്‍ശനവുമായി രംഗത്തെത്തിയത് അദ്ദേഹത്തിന്റെ അവസാനിക്കാത്ത പോരാട്ട വീര്യത്തിന്റെ തെളിവായിരുന്നു.