മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാടില്ല: മുഖ്യമന്ത്രി

Posted on: June 2, 2016 7:08 pm | Last updated: June 2, 2016 at 7:08 pm

Pinarayi-kerala02015തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണ്ടെന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും തമിഴ്‌നാടുമായി ചേര്‍ന്നാണ് ഡാം നിര്‍മ്മിക്കേണ്ടത്. സംഘര്‍ഷത്തിലൂടെയല്ല ചര്‍ച്ചയിലൂടെയാണ് ഡാം നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു അന്താരാഷ്ട്ര വിദഗ്ദ സമിതിയെ കൊണ്ട് ഡാമിന്റെ ബലക്ഷയം പരിശോധിക്കുമെന്നും ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാര്‍ പുതിയ അടവുകളുമായി രംഗത്ത് എത്തുന്നുണ്ട്. അവരോട് തനിക്ക് ഒന്നെ പറയാനുള്ളു. വീട്ടുകാരുമൊത്ത് കുടുംബത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ നല്ലത്. നിയമനടപടിയെ പ്രതികാരമായിട്ട് കാണരുത്. ആരോടും പ്രതികാരം ചെയ്യാനല്ല അധികാരത്തിലെത്തിയത്. നിയമനടപടി നേരിടുന്നവരെ വഴിവിട്ട് സഹായിക്കില്ലെന്നും പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടും സമരസമിതിയുടെ നിലപാടും ഒന്നു തന്നെയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

മുല്ലപ്പെരിയാര്‍, അതിരപ്പിള്ളി വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കില്ലെന്നും എന്നാല്‍ ആതിരപ്പിള്ളിയില്‍ ഡാം നിര്‍മ്മിക്കുമെന്നുമുള്ള പിണറായിയുടെ പ്രസ്താവനക്കെതിരെ ഘടക കക്ഷിയായ സി.പി.ഐയില്‍ നിന്ന് തന്നെ പരസ്യമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.