വിഎസിന് ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി

Posted on: May 26, 2016 1:46 pm | Last updated: June 4, 2016 at 11:16 am

VSതിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഏറ്റെടുക്കും. എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും വി.എസിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിഎസിനെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്.

പുതിയ പദവികള്‍ ഏറ്റെടുക്കുമെന്ന് വിഎസ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പാര്‍ട്ടി തെരഞ്ഞടുത്തത് മുതല്‍ വിഎസിന്റെ സ്ഥാനം സംബന്ധിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് താന്‍ പദവികള്‍ക്ക് പിറകെ പോകുന്ന വ്യക്തിയല്ലെന്നായിരുന്നു നേരത്തെ വിഎസ് മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തനിക്ക് ലഭിക്കുന്ന പുതിയ പദവികള്‍ വിശദീകരിക്കുന്ന കുറിപ്പ് വിഎസ് വായിക്കുന്ന വാര്‍ത്ത ഫോട്ടോ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇംഗ്ലീഷില്‍ എഴുതിയിരുന്ന കുറിപ്പില്‍ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവിയും എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പുനപ്രവേശനവും നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.