ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും

Posted on: May 26, 2016 12:15 pm | Last updated: May 26, 2016 at 12:15 pm

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ ചരിത്രത്തില്‍ ആദ്യമായി രണ്ട് വനിതാ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള മന്ത്രിസഭയില്‍ ആദ്യമായാണ് രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തുന്നത്. ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ഷൈലജ എന്നിവരാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അധികാരത്തിലേറി ചരിത്രം തിരുത്തിയിരിക്കുന്നത്. ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളാണ് കെ കെ ഷൈലജക്ക് നല്‍കിയിട്ടുള്ളത്. ഫിഷറീസ്, പരമ്പരാഗത വ്യവസായം എന്നീ വകുപ്പുകളാണ് മേഴ്‌സിക്കുട്ടിയമ്മ കൈകാര്യം ചെയ്യുക.
പാര്‍ട്ടിയുടെ പ്രതീകമായ ചുവപ്പുനിറത്തിലുള്ള സാരിയണിഞ്ഞാണ് ജെ മേഴ്‌സിക്കുട്ടിയമ്മ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. അഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
15ാമതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ കെ ഷൈലജ വെള്ളയില്‍ ചുവന്ന കരയുള്ള സാരിയിലാണ് എത്തിയത്. ചടങ്ങുകള്‍ നിറവേറ്റുമെന്ന് സഗൗരവത്തോടുകൂടി പ്രതിജ്ഞ ചെയ്താണ് ഷൈലജ പിണറായി മന്ത്രിസഭയിലേക്ക് കാലെടുത്ത് വെച്ചത്.
സംസ്ഥാനത്ത് 1957നു ശേഷം ഇതുവരെയുള്ള 13 നിയമസഭകളുടെ കാലത്ത് അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒമ്പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. 12 മന്ത്രിസഭകളില്‍ ഓരോ സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം ആറുമാത്രം. കെ ആര്‍ ഗൗരിയമ്മ (1957, 1967, 1980, 1987, 2001, 2004), എം കമലം (1982), എം ടി പത്മ (1991, 1995), സുശീലാ ഗോപാലന്‍ (1996), പി കെ ശ്രീമതി (2006), പി കെ ജയലക്ഷ്മി (2011) എന്നിവരാണിവര്‍. ഇവരില്‍ കെ ആര്‍ ഗൗരിയമ്മ ആറ് മന്ത്രിസഭകളിലും എം ടി പത്മം രണ്ട് മന്ത്രിസഭകളിലും അംഗമായി. മറ്റുള്ളവര്‍ ഓരോ തവണ മാത്രം മന്ത്രിമാരായവരാണ്.
പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എല്‍ ഡി എഫില്‍ നിന്ന്. സി പി എമ്മില്‍ നിന്നും– കെ കെ ശൈലജ (കൂത്തുപറമ്പ്), പ്രതിഭാ ഹരി(കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ), അയിഷാ പോറ്റി (കൊട്ടാരക്കര), സി പി ഐ – ഗീത ഗോപി (നാട്ടിക), ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിവരാണ് എല്‍ ഡി എഫില്‍ നിന്ന് വിജയിച്ചത്.
ഇതുവരെ നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകളിലായി വിജയിച്ച് നിയമസഭയിലെത്തിയവരില്‍ 97 സ്ത്രീകളില്‍ 57 പേരും ഇടതുപക്ഷ പ്രതിനിധികളാണ്. 29 പേരാണ് എതിര്‍പക്ഷത്ത് നിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി. 1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചുവന്നത്.